അനുരാഗ് കശ്യപിന്‍റെ മൻമര്‍സിയാനില്‍ ദുല്‍ഖര്‍ നായകനായെത്തുന്നു

0
29

 

 

 

ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. ആനന്ദ് എൽ റായ് നിർമിച്ച് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മൻമര്‍സിയാൻ എന്ന സിനിമയിലാണ് ദുൽഖർ സല്‍മാന്‍ നായകനായി എത്തുന്നത്.
ദുൽഖർ ഇപ്പോൾ കൂടുതലും ശ്രദ്ധ നൽകുന്നത് അന്യ ഭാഷാ ചിത്രങ്ങൾക്കാണ്. ഇർഫാൻ ഖാനോടൊപ്പം അഭിനയിച്ച കാർവാൻ എന്ന ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ദുൽഖര്‍, മഹാനദി എന്ന തെലുങ്കു- തമിഴ് ദ്വിഭാഷാ ചിത്രവും പൂർത്തിയാക്കിയിരുന്നു. പുതിയ റിപ്പോർട്ട് ദുൽഖര്‍ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തില്‍ കരാര്‍ ഒപ്പിട്ടെന്നാണ്. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അധികം വൈകാതെ തന്നെ ആരംഭിക്കും. മൻമർസിയാൻ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിൽ ദുൽഖറിനൊപ്പം തപ്‌സി പന്നു, വിക്കി കൗശൽ എന്നിവരും അഭിനയിക്കും.
ആനന്ദ് എൽ റായ് നിർമ്മിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുക എന്നാണ് സൂചന. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. അടുത്ത വർഷം ജനുവരിയിൽ ഹിമാചൽ പ്രദേശിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് സമീർ ശർമയാണ്. പിന്നീട് സമീർ ശർമയെ മാറ്റുകയും അനുരാഗ് കശ്യപ് ചിത്രമൊരുക്കാൻ മുന്നോട്ടു വരുകയുമായിരുന്നു.
ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രമായ കർവാനിൽ ഇർഫാൻ ഖാൻ, മിഥില എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ആകർഷ് ഖുറാന എന്ന നവാഗത സംവിധായകനാണ് ചിത്രം ഒരുക്കിയത്. ദുൽഖര്‍ ഇപ്പോൾ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിലാണ്. രാ കാർത്തിക് സംവിധാനം ചെയ്യുന്ന മറ്റൊരു തമിഴ് ചിത്രത്തില്‍ ദുൽഖര്‍ കരാറായിട്ടുണ്ട്. മലയാളത്തിൽ ലാൽജോസ്, ശ്രീനാഥ് രാജേന്ദ്രൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സലാം ബുഖാരി എന്നിവരുടെ ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here