അമീറും ഉര്‍ദുഗാനും കൂടിക്കാഴ്ച ഫലം ചെയ്തു : ഖത്തര്‍-തുര്‍ക്കി ബന്ധം കൂടുതല്‍ ശക്തം

0
109

 

ദോഹ: അറബ് സഖ്യം ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ശക്തമായ ഉഭയകക്ഷി ബന്ധം തുടരുന്ന ഖത്തറും തുര്‍ക്കിയും കൂടുതല്‍ അടുക്കുന്നു. ഇതിന്‍റെ ഭാഗമായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ഖത്തറില്‍ കൂടിക്കാഴ്ച നടത്തി. ഉപരോധത്തിനും പുറമെ, മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഖത്തര്‍ അമീറിന്റെ തുര്‍ക്കി സന്ദര്‍ശന വേളയില്‍ കൂടിക്കാഴ്ച നടത്തി ഒരു മാസത്തിനകമാണ് ഇരുനേതാക്കളും വീണ്ടും കൂടിക്കാണുന്നത്. ഉപരോധത്തിനു ശേഷമുള്ള തുര്‍ക്കി പ്രസിഡന്റിന്റെ രണ്ടാമത്തെ ഖത്തര്‍ സന്ദര്‍ശനമാണിത്. ദോഹയില്‍ നടന്ന തുര്‍ക്കി-ഖത്തര്‍ സുപ്രിം സ്ട്രാറ്റജിക് കമ്മിറ്റിയുടെ മൂന്നാമത്തെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ഉര്‍ദുഗാന്‍ ഇത്തവണ ഖത്തറിലെത്തിയത്.
ഖത്തര്‍ വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്ലു, ഭാര്യയും ചീഫ് ഓഫ് ജനറല്‍ സ്റ്റാഫുമായ ജനറല്‍ ഹുലുസി അകാര്‍ തുടങ്ങി ഉന്നത സംഘം തുര്‍ക്കി പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉര്‍ദുഗാനെ ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ, തുര്‍ക്കി അംബാസഡര്‍ ഫിക്റത്ത് ഉസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ജൂണ്‍ അഞ്ചിന് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചതു മുതല്‍ ഖത്തറിന്റെ രക്ഷയ്ക്കെത്തിയത് പ്രധാനമായും തുര്‍ക്കിയായിരുന്നു. ഖത്തറിന് അവശ്യമായ ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിച്ചുനല്‍കിയെന്നു മാത്രമല്ല, അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണ ഭാഷണി നേരിടുന്നതിന് ഖത്തറിലേക്ക് സൈന്യത്തെ അയക്കുകയും സൈനിക താവളം സ്ഥാപിക്കുകയും ചെയ്തു. തുര്‍ക്കിയുടെ സഹായവും പിന്തുണയുമില്ലായിരുന്നുവെങ്കില്‍ ഉപരോധം മറികടക്കാന്‍ ഖത്തറിന് സാധിക്കുമായിരുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപരോധം അവസാനിപ്പിക്കാന്‍ അറബ് രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാനുള്ള ഖത്തറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കൂടിക്കാഴ്ചയെന്ന് വിലയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here