അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍

0
101

കൊച്ചി:  താരസംഘടനയായ അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ നടക്കുന്നു. യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മയില്‍ നിലനിര്‍ത്താനെടുത്ത തീരുമാനം വിവാദമായത് യോഗം ചര്‍ച്ച ചെയ്യും. കൂടാതെ സീരിയല്‍ നടി നിഷ സാരംഗിന് സംവിധായകനില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. മോഹന്‍ലാലിന് പുറമെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയസൂര്യ, ബാബുരാജ് എന്നിവര്‍ യോഗത്തിന് എത്തിയിട്ടുണ്ട്. എന്നാല്‍ വൈസ് പ്രസിഡന്റുമാരായ ഗണേഷ് കുമാര്‍, മുകേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

ദിലീപിനോട് അമ്മ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച്‌ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. കൂടാതെ അടിയന്തര എക്‌സിക്യൂട്ടീവ് വിളിച്ച്‌ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ ജനറല്‍ സെക്രട്ടറിക്ക് കത്തും നല്‍കിയിരുന്നു. നടിമാരുടെ രാജിക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് യോഗം കൈക്കൊള്ളും. നടിമാര്‍ നല്‍കിയിരിക്കുന്ന കത്തും ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അതിന് പിന്നാലെ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടേ ഇല്ലെന്ന വിവരം പുറത്തുവന്നു. അടിയന്തര എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ദിലീപിനെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്നും അതിനാല്‍ അതിന് ശേഷം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ചെന്നും സംഘടനതന്നെ വ്യക്തമാക്കുന്നു. പുറത്താക്കാത്ത ആളെ തിരിച്ചെടുത്തെന്ന് പറഞ്ഞ് അനാവശ്യവിവാദമാണ് ഉണ്ടാക്കുന്നതെന്നായിരുന്നു അമ്മയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here