ഇന്ത്യ – ന്യൂസിലാന്‍റ് ടി20 അവസാന കളി ഇന്ന് തിരുവനന്തപുരത്ത്

0
169

തിരുവനന്തപുരം:  ഇന്ത്യ – ന്യൂസിലാന്‍റ് ടി20 പരമ്പരയിലെ നിര്‍ണായകമായ അവസാന കളി ഇന്ന് തിരുവനന്തപുരത്ത്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. വൈകിട്ട് ഏഴിന് കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലാണ് മത്സരം. മഴ കളി മുടക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കാല്‍നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ശേഷം വിരുന്നെത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. പച്ചപുതച്ച് പുതുമോടിയില്‍ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം. മേമ്പൊടിയായി ഫൈനലിന്റെ പ്രതീതിയും. ആവേശം വാനോളമുയരുന്ന ട്വന്‍റി 20 പൂരത്തിനാണ് തലസ്ഥാന നഗരി വേദിയാകാന്‍ പോകുന്നത്. ആശങ്കയുണര്‍ത്തി തുലാവര്‍ഷ മേഘങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. എങ്കിലും ക്രിക്കറ്റ് പ്രേമികളുടെ ആരവത്തില്‍ മഴ പിന്തിരിയുമെന്നാണ് പ്രതീക്ഷ. ഒരു കളി തോറ്റ ശേഷം തിരിച്ചുവന്ന് ഏകദിന പരമ്പര നേടിയ ഇന്ത്യക്ക് ട്വന്‍റി 20യില്‍ അതേ നാണയത്തിലാണ് ന്യൂസിലാന്റ് മറുപടി നല്‍കിയത്. കഴിഞ്ഞ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്തവര്‍ക്കായിരുന്നു ജയം. റണ്‍സൊഴുകുമെന്ന് കരുതുന്ന കാര്യവട്ടത്തെ പിച്ചിലും ടോസ് നേടുന്നവര്‍ ബാറ്റിങ് തെരഞ്ഞെടുക്കും.

മഴ പെയ്താല്‍ കുറഞ്ഞ ഓവറെങ്കിലും കളിക്കാന്‍ തന്നെയാണ് പദ്ധതി. അങ്ങനെ വന്നാല്‍ കൂറ്റനടിക്കാരായ കിവികള്‍ക്കാകും സാധ്യത. മുന്‍നിര ബൌളര്‍മാര്‍ പരാജയപ്പെട്ടിടത്ത് വിക്കറ്റ് വീഴ്ത്താനാകുന്ന ഒരു അഞ്ചാം ബൌളറുടെ അഭാവവും ഇന്ത്യക്ക് വെല്ലുവിളിയാണ്. എങ്കിലും ആര്‍ത്തിരമ്പുന്ന കാണികളുടെ ചിറകിലേറി മറ്റൊരു പരമ്പര വിജയം കൂടി നേടാനാവുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here