ഇറാനെതിരെ കൈകോര്‍ത്ത്‌ സൗദിയും ഇസ്രായേലും

0
184

 

തെല്‍ അവീവ്: ഇറാന്‍റെ ഭീഷണി നേരിടാന്‍ സൗദി അറേബ്യയും ഇസ്രായേലും ഒന്നിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഇറാന്‍റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തില്‍ അസ്വസ്ഥരായ ഇരുരാജ്യങ്ങളും ഇറാനെയും അതിന്‍റെ സഹായികളെയും നിയന്ത്രിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. അതിനുവേണ്ടി ഭിന്നതകള്‍ മറന്ന് ഒന്നിക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. ഇറാനെതിരായ സംയുക്ത നീക്കത്തില്‍ ആവശ്യമായ രഹസ്യാന്വേഷണ പിന്തുണ സൗദി അറേബ്യക്ക് നല്‍കാന്‍ ഇസ്രായേല്‍ ഒരുക്കമാണെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഗാദി എയ്സെന്‍കോട്ട് ഒരു അഭിമുഖത്തില്‍ അറിയിച്ചു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗദി ഉടമസ്ഥതയിലുള്ള ഇലാഫ് ഓണ്‍ലൈന്‍ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൈനികത്തലവന്‍ ഇക്കാര്യം പറഞ്ഞത്.
മേഖലയിലെ ഏറ്റവും വലിയ ഭീഷണിയാണ് ഇറാന്‍. മധ്യപൗരസ്ത്യ ദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയാണ് അവരുടെ ലക്ഷ്യം. ഇറാന്റെ മേഖലയിലെ താല്‍പര്യങ്ങളെക്കുറിച്ച്‌ ഇസ്രായേലിനും സൗദി അറേബ്യയ്ക്കും വ്യക്തമായ ബോധ്യമുണ്ടെന്നും അവ ഏത് വിധേനയും തടയപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മിതവാദികളായ മറ്റ് അറബ് രാജ്യങ്ങളുമായും ഇക്കാര്യത്തില്‍ സഹകരിക്കാനും രഹസ്യാന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൈമാറാനും ഇസ്രായേല്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയ്ക്കും ഇസ്രായേലിനുമിടയില്‍ പൊതുവായ താല്‍പര്യങ്ങള്‍ ഏറെയുണ്ടെന്നും പരസ്പര സഹകരണത്തിന് ഏറെ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here