ഐ.എഫ്.എഫ്.കെയ്ക്ക് നിരപ്പകിട്ടേകാന്‍ സംഗീത ചക്രവര്‍ത്തി എ.ആര്‍.റഹ്മാന്‍ എത്തുന്നു

0
34

 

തിരുവനന്തപുരം: സംഗീത ചക്രവര്‍ത്തി എ.ആര്‍.റഹ്മാന്‍ ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തും. മൊസാള്‍ട്ട് ഒഫ് മദ്രാസ് എന്നാണ് അറിപ്പെടുന്ന മലയാളത്തിന്റെ പുത്രന്‍ റഹ്മാനെ ചലച്ചിത്ര അക്കാഡമി ഭാരവാഹികള്‍ ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിലേക്ക് ക്ഷണിച്ചിരുന്നു. ‘എത്തിക്കോളാം’ എന്നായിരുന്നു മറുപടി. ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ എത്തണമെന്നാണ് റഹ്മാനോട് അക്കാഡമി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അന്നേ ദിവസത്തിന്റെ കാര്യത്തില്‍ റഹ്മാന്‍ ഉറപ്പൊന്നും നല്‍കിയില്ല. എട്ടു മുതല്‍ 15 വരെ നടക്കുന്ന മേളയില്‍ ഏതെങ്കിലും ദിവസം എത്തുമെന്ന സൂചനയാണ് നല്‍കിയത്.
ഇത്തവണ എ.ആര്‍. റഹ്മാനെ കുറിച്ചുള്ള ഡോക്യുഫിലിം ‘ വണ്‍ ഹാര്‍ട്ട് -ദി എ.ആര്‍.റഹ്മാന്‍ കണ്‍സര്‍ട്ട് ‘ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം സെപ്തംബറിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ചലച്ചിത്ര സംഗീത സംവിധാനം മലയാളത്തില്‍ ആരംഭിച്ച എ.ആര്‍.റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചു വരാന്‍ തീരുമാനിച്ച സമയത്തു തന്നെയാണ് കേരളത്തിന്റെ സ്വന്തം മേളയിലും എത്തുന്നത്. കാന്‍ ഉള്‍പ്പെടെയുള്ള മേളകളിലേക്ക് അതിഥിയായി റഹ്മാന്‍ പങ്കെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഗോവയിലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
കാല്‍നൂറ്റാണ്ടിന് ശേഷമാണ് ഒരു മലയാളം ചിത്രത്തിന് റഹ്മാന്‍ ഈണമിടുന്നത്. മോഹന്‍ലാലും മധുബാലയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സംഗീത് ശിവന്‍ ചിത്രമായ ‘യോദ്ധ’യാണ് റഹ്മാന്‍ സംഗീതം നല്‍കിയ ഏക മലയാളം ചിത്രം. ഇനി, മോഹന്‍ലാല്‍ നായകനാവുന്ന രണ്ടാമൂഴം എന്ന ചിത്രത്തിനാണ് റഹ്മാന്‍ സംഗീതം നല്‍കുക എന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. റഹ്മാനും ചിത്രം ഏതെന്നു പറഞ്ഞിട്ടില്ല. മലയാളത്തില്‍ എത്തും എന്നത് ഉറപ്പിക്കാമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ ജനപ്രിയ വിപ്ലവത്തിനു തുടക്കം കുറിച്ച റോജയിലൂടെയായിരുന്നു റഹ്മാന്‍ ചലച്ചിത്ര രംഗത്തേക്കെത്തിയതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ അതിനു മുന്പേ യോദ്ധയ്ക്കാണ് അദ്ദേഹം സംഗീതം നല്‍കിയത്. അതിനുശേഷം തെന്നിന്ത്യയില്‍ നിന്ന് ഓസ്കര്‍ വരെ ആ സംഗീത യാത്ര വളര്‍ന്നു. ഇതിനിടയില്‍ ഒരിക്കല്‍പോലും മലയാളത്തില്‍ റഹ്മാന്‍ ഗാനങ്ങള്‍ വന്നില്ല. റഹ്മാന്റെ പിതാവായ ആര്‍.കെ.ശേഖര്‍ മലയാളത്തിലായിരുന്നു സജീവമായിരുന്നത്. പന്ത്രണ്ടോളം പ്രമുഖ സംഗീതജ്ഞരുടെ അസിസ്റ്റന്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ മറ്റൊരു ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ഡിസംബര്‍ 9ന് വൈകിട്ട് 3.30 ന് ഹോട്ടല്‍ ഹൈസിന്തില്‍ ആണ് ശില്‍പശാല നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here