ഒരു വര്‍ഷത്തെ കരാറില്‍ സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ പരിശീലകനാവും

0
38

ഒരു വര്‍ഷത്തെ കരാറില്‍ അറുപതുകാരനായ മുന്‍ ഇംഗ്ലീഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കോപ്പല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ പരിശീലകനാവും.ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടീമുടമ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ്.

നേരത്തെ ലെവന്റെയുടെ പരിശീലകന്‍ യുവാന്‍ ഇഗ്‌നാഷ്യോ മാര്‍ട്ടിനെസിനെ പരിശീലകനാക്കാന്‍ ശ്രമിച്ചിരുന്നു അതിന് ശേഷം മുന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിനെ വീണ്ടും സമീപിച്ചെങ്കിലും ജെയിംസ് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് കോപ്പലിനെ സമീപിച്ചത്. രണ്ടു വര്‍ഷത്തിനിടെ ബ്ലാസ്‌റ്റേഴ്‌സിന്‍റെ പരിശീലകനാവുന്ന നാലാമത്തെയാളാണ് കോപ്പല്‍.

ഒരേസമയം ഗോളിയും പരിശീലകനുമായിരുന്ന ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസിന്റേതായിരുന്നു ആദ്യ ഊഴം. ഡേവിഡ് ജെയിംസിന്‍റെ കീഴിലാണ് കന്നി സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് റണ്ണറപ്പുകളായത്. പിന്നീട് കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍ പീറ്റര്‍ ടെയ്‌ലറും ഒരു മത്സരത്തില്‍ ട്രെവര്‍ മോര്‍ഗനും ആറു മത്സരങ്ങളില്‍ ടെറി ഫെലാനും ടീമിനെ പരിശീലിപ്പിച്ചു. എന്നാല്‍ ടീമിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ സീസണിലെ മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ സച്ചിനൊപ്പം തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനും നിര്‍മാതാക്കളായ അല്ലു അരവിന്ദും നിമ്മഗഢ പ്രസാദുമെല്ലാം ഓഹരി പങ്കാളികളായി രംഗത്തുവന്നിരിക്കുകയാണ്.