കണ്ണിന്‍റെ ആരോഗ്യത്തിന് ഗ്രീന്‍ ടീ

0
26

 

 

ലോകവ്യാപകമായി പ്രചാരം ലഭിച്ചിട്ടുള്ള ഒരു പാനീയമാണ് ഗ്രീന്‍ ടീ (കമീലിയ സിനെന്‍സിസ്). ഫൈറ്റോന്യൂട്രിയന്റുകളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളുകള്‍ക്ക് ജൈവശാസ്ത്രപരമായ ഗുണഫലങ്ങള്‍ ഉണ്ടെന്ന് ചില പഠനങ്ങളില്‍ വ്യക്തമാക്കുന്നു. അതായത്, പ്രധാനമായും കാറ്റക്കിനുകളും അതിന്റെ ഉത്പന്നങ്ങളും (എപിഗാല്ലോ കാറ്റക്കിന്‍-3-ഗാല്ലേറ്റ് (ഇജിസിജി), എപിഗാല്ലോകാറ്റക്കിന്‍ (ഇജിസി), എപികാറ്റക്കിന്‍ (ഇസി), എപികാറ്റക്കിന്‍-3-ഗാല്ലേറ്റ് (ഇസീജി), ഗാല്ലോകാറ്റക്കിന്‍ ഗാല്ലേറ്റ് (ജിസിജി)) ഇത്തരത്തിലുള്ള ഗുണഫലങ്ങള്‍ പ്രധാനം ചെയ്യുന്നു.
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ക്യാന്‍സര്‍, ലിപിഡ് മെറ്റാബോളിസത്തില്‍ ഉണ്ടാകുന്ന അസ്വാഭാവികതകള്‍, അതെറോസ്ക്ളീറോസിസ്, മറ്റ് കാര്‍ഡിയോവാസ്കുലര്‍ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാലം നിലനില്‍ക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഹൃദയം, തലച്ചോര്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ ഓക്സിഡേറ്റീവ് പരുക്കുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഇജിസിജി സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന് ഗ്രീന്‍ ടീ പ്രയോജനപ്രദമായ പങ്കു വഹിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗ്ളൂക്കോമയ്ക്കും മറ്റ് നേത്രരോഗങ്ങള്‍ക്കും എതിരെ ഇത് സംരക്ഷണം നല്‍കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
ഗ്ളൂക്കോമ (Glaucoma): നേത്രഗോളത്തില്‍ സമ്മര്‍ദം വര്‍ധിക്കുകയും ക്രമേണ കാഴ്ച നഷ്ടം സംഭവിക്കുന്നതുമാണ് ഇതിന്റെ ലക്ഷണം. ഗ്രീന്‍ ടീയുടെ ഘടകങ്ങള്‍ക്ക് ആമാശയത്തില്‍ നിന്ന് കണ്ണുകളില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും അവയെ റെറ്റിന, ലെന്‍സ് തുടങ്ങിയ ഭാഗങ്ങളിലേത് അടക്കമുള്ള കോശകലകള്‍ക്ക് വലിച്ചെടുക്കാന്‍ സാധിക്കുമെന്നും പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഉപഭോഗം നടത്തി 20 മണിക്കൂര്‍ സമയം ഇത്തരം ഘടകങ്ങള്‍ കണ്ണിന്റെ ഭാഗങ്ങളില്‍ നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓക്സിഡേറ്റീവ് സ്ട്രെസില്‍ നിന്ന് ഗ്രീന്‍ ടീ സംരക്ഷണം നല്‍ക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് ഗ്ലൂക്കോമ പോലെയുള്ള നേത്രരോഗങ്ങളെ ചെറുക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
വരണ്ട കണ്ണുകള്‍ (Dry eyes): കണ്ണുകളുടെ ഉപരിതലത്തില്‍ ഉണ്ടാകുന്ന കോശജ്വലനവുമായി (ഇന്‍ഫ്ളമേഷന്‍) ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വരണ്ട കണ്ണുകള്‍. കോശജ്വലനം സംഭവിക്കുന്ന അവസരത്തില്‍, കോശങ്ങള്‍ക്ക് തകരാറു വരുത്തുന്ന പ്രധാന കാരണം ഓക്സിഡേറ്റീവ് സ്ട്രെസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ഇജിസിജി ക്ക് ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് സ്വഭാവങ്ങള്‍ ഉണ്ട്. വരണ്ട കണ്ണുകള്‍ ഉള്‍പ്പെടെയുള്ള കണ്ണിന്റെ പ്രശ്നങ്ങള്‍ക്ക് ചികിത്സാപരമായി ഇജിസിജി ഉപയോഗിക്കാന്‍ സാധിക്കുമന്നാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

അള്‍ട്രാവയലറ്റ് വികിരിണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം (Protect against ultraviolet radiation): അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍, പ്രത്യേകിച്ച്‌ അള്‍ട്രാവയലറ്റ് ബി (യുവിബി) കോര്‍ണിയയ്ക്ക് പരുക്ക് പറ്റുന്നതിനുള്ള ഒരു പ്രധാന അപകടസാധ്യതാ ഘടകമാണ്. യുവിബി വികിരണങ്ങള്‍ മൂലമുള്ള കോര്‍ണിയയുടെ ഓക്സിഡേറ്റീവ് സ്ട്രെസിനെതിരെ സംരക്ഷണം നല്‍കാന്‍ ഇജിസിജി അടങ്ങിയ തുള്ളിമരുന്നുകള്‍ക്ക് സാധിക്കുമെന്ന് തായ്വാനില്‍ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
വിവിധ നേത്രരോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നുവെന്ന് പരീക്ഷണ മാതൃകകളില്‍ പ്രാമാണീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മനുഷ്യരില്‍ ഇതിന്റെ വൈദ്യശാസ്ത്രപരമായ ഫലപ്രാപ്തിയെ കുറിച്ച്‌ കൂടുതല്‍ വ്യക്തത ആവശ്യമാണ്.
ഫൈറ്റോകെമിക്കലുകള്‍ ധാരാളം അടങ്ങിയ പാനീയമായ ഗ്രീന്‍ ടീയ്ക്ക് ആരോഗ്യപരമായ ധാരാളം ഗുണങ്ങള്‍ ഉണ്ട്. ഇതിന് കണ്ണുകള്‍ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് ഡിസോഡറുകളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കാന്‍ കഴിഞ്ഞേക്കും. എന്നിരുന്നാലും, കാഴ്ചയ്ക്ക് എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുകയാണ് സുരക്ഷിതമായ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here