കാന്റീനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും ഇനി ജി.എസ്‌.ടി. ഈടാക്കും

0
130

തിരുവനന്തപുരം: കാന്റീനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും ഇനി ജി.എസ്‌.ടി. നിരക്ക്‌ ഈടാക്കും. ജി.എസ്‌.ടി. നിയമത്തിന്‍റെ അടിസ്‌ഥാനത്തിലുള്ള അതോറിട്ടി ഓഫ്‌ റൂളിങ്‌-കേരളയാണ്‌ ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കിയത്‌. ഇതോടെ കാന്റീന്‍ ഭക്ഷണത്തിനും ഹോട്ടലുകള്‍ക്കു തുല്യമായ നികുതി നല്‍കേണ്ടിവരും. ഹോട്ടല്‍ ഭക്ഷണത്തിന്‌ അഞ്ചുശതമാനമാണു ജി.എസ്‌.ടി. ഈടാക്കുന്നത്‌. ഇതേ തുക കാന്റീന്‍ ഭക്ഷണത്തിനും നല്‍കേണ്ടിവരും. ജി.എസ്‌.ടി. നിലവില്‍വരുന്നതിനു മുമ്ബ്‌ കാന്റീന്‍ ഭക്ഷണവും പാനീയങ്ങളും ഫാക്‌ടറീസ്‌ നിയമത്തിനു കീഴിലായിരുന്നു. അതിനാല്‍ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. എന്നാല്‍ ജി.എസ്‌.ടി. നിയമത്തില്‍ അത്തരം വ്യവസ്‌ഥയൊന്നുമില്ലെന്ന്‌ ഉത്തരവില്‍ പറയുന്നു. മലപ്പുറത്തെ കാല്‍ടെക്‌റ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്ബനിയുടെ വാദങ്ങള്‍ തള്ളിയാണ്‌ അതോറിട്ടിയുടെ വിധി. സെന്‍ട്രല്‍ എക്‌സൈസ്‌ ആന്‍ഡ്‌ ടാക്‌സ്‌ ജോയിന്റ്‌ കമ്മിഷണര്‍ എസ്‌. സെന്തില്‍നാഥനും സംസ്‌ഥാന നികുതി കമ്മിഷണറേറ്റിലെ ജോയിന്റ്‌ കമ്മിഷണര്‍ (ജനറല്‍) എന്‍. തുളീധരന്‍പിള്ളയും ഉള്‍പ്പെട്ട സമിതിയാണ്‌ കഴിഞ്ഞ 26-ന്‌ ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്‌.
സാമ്ബത്തികനേട്ടത്തിനോ അല്ലാതെയോ നടത്തുന്ന വാണിജ്യം, ഉത്‌പാദനം, ജോലി, സാഹസികത, വേതനം തുടങ്ങിയവയ്‌ക്കെല്ലാം ജി.എസ്‌.ടിയില്‍ വ്യാപാരത്തിന്റെ നിര്‍വചനമാണുള്ളത്‌. കാന്റീന്‍ നടത്താനുള്ള സ്‌ഥലവും പശ്‌ചാത്തലസൗകര്യങ്ങളും തങ്ങളാണു നല്‍കുന്നതെന്നായിരുന്നു കാല്‍ടെക്‌റ്റ്‌ കമ്ബനിയുടെ വാദം. പാചകക്കാര്‍ കമ്ബനിയുടെ മാസശമ്ബളക്കാരാണ്‌. സാധനങ്ങളും കമ്ബനിയാണു വാങ്ങിക്കൊടുക്കുന്നത്‌. ചെലവുതുക മാത്രമാണു ജീവനക്കാരില്‍നിന്ന്‌ ഈടാക്കുന്നത്‌. കമ്ബനി ലാഭമുണ്ടാക്കുന്നില്ലെന്ന വാദവും അതോറിട്ടി അംഗീകരിച്ചില്ല. ഇത്തരം പ്രവര്‍ത്തനങ്ങളെ ചരക്കുകളുടെയും സേവനത്തിന്റെയും വിതരണമായേ കണക്കാക്കാന്‍ കഴിയൂ. കാന്റീന്‍ ഭക്ഷണവും പുറത്തേക്കുള്ള വിതരണമാണ്‌. ലാഭമില്ലെങ്കിലും ജി.എസ്‌.ടി. നിയമപ്രകാരം ഒരു സേവനത്തിനാണു പണം ചെലവഴിക്കുന്നതെന്ന്‌ അതോറിട്ടി ചൂണ്ടിക്കാട്ടുന്നു. സബ്‌സിഡി നല്‍കുന്ന ഭക്ഷണത്തിനും ഇതു ബാധകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here