കാന്‍ഡിഡേറ്റ്‌സ് ചെസ്‌: ആനന്ദിന്‌ വിജയത്തുടക്കം

0
56

മോസ്‌കോ: കാന്‍ഡിഡേറ്റ്‌സ് ചെസ്‌ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ വിജയത്തുടക്കം.
അഞ്ച്‌വട്ടം ലോക ചാമ്പ്യനായ ആനന്ദ്‌ ബള്‍ഗേറിയയുടെ വസേലിന്‍ ടോപലോവിനെയാണ്‌ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്‌. ഇന്ത്യന്‍ സൂപ്പര്‍ ഗ്രാന്‍മാസ്‌റ്റര്‍ ആനന്ദ്‌ കിരീടം നേടാന്‍ സാധ്യതയില്ലെന്നാണ്‌ ചെസ്‌ നിരൂപകര്‍ വിലയിരുത്തിയത്‌. 2014 ലും നിരൂപകര്‍ ആനന്ദിന്‌ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷേ തകര്‍പ്പന്‍ പ്രകടനം നടത്തിയ ആനന്ദ്‌ ചാമ്പ്യനായി.
വസേലിന്‍ ടോപലോവിന്റെ സിസിലിയന്‍ ഡിഫന്‍സും ബെര്‍ലിന്‍ ഡിഫന്‍സും തകര്‍ത്ത ആനന്ദ്‌ ഇരുപത്‌ നീക്കങ്ങള്‍ കഴിഞ്ഞതോടെ ജയം ഉറപ്പാക്കി.
2014 ല്‍ അര്‍മീനിയയുടെ ലെവണ്‍ അര്‍നോണിയോനും തമ്മില്‍ നടന്ന ഒന്നാംറൗണ്ട്‌ മത്സരത്തിലും ആനന്ദ്‌ ഇരുപത്‌ നീക്കങ്ങള്‍ കൊണ്ട്‌ ജയിച്ചിരുന്നു. മോസ്‌കോയിലെ സെന്‍ട്രല്‍ ടെലിട്രാഫ്‌ കെട്ടിടത്തില്‍ നടക്കുന്ന ചെസ്‌ ടൂര്‍ണമെന്റ്‌ 29 നാണു സമാപിക്കുക.
എട്ടു താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്‌ ഓരോ കളിക്കാരും ഒരേ എതിരാളിക്കെതിരേ രണ്ടുവട്ടം മത്സരിക്കുന്ന ഡബിള്‍ റൗണ്ട്‌ റോബിന്‍ അടിസ്‌ഥാനത്തിലാണ്‌. ജേതാവ്‌ ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ്‌ കാള്‍സനെതിരേ ലോക കിരീടത്തിനായി ഏറ്റുമുട്ടും. ഈ വര്‍ഷം അവസാനം ന്യൂയോര്‍ക്കിലായിരിക്കും ലോക ചാമ്പ്യന്‍ഷിപ്പ്‌. ഇന്നു നടക്കുന്ന രണ്ടാം റൗണ്ട്‌ മത്സരത്തില്‍ ആനന്ദ്‌ ലെവണ്‍ അര്‍നോണിയോനെ നേരിടും.
ഇന്ത്യന്‍ സമയം വൈകിട്ട്‌ 5.30 നാണു മത്സരം തുടങ്ങുക. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ റഷ്യയുടെ സെര്‍ജി കാര്‍ജാകിന്‍ പോളണ്ടിന്റെ സ്വിഡ്‌ലര്‍ പീറ്ററിനോടും നകാമുറ ഹികാരു ഫാബിയാനോ കാരുണയോടും അനീഷ്‌ ഗിരി ലെവണ്‍ അര്‍നോണിയോനോടും സമനില വഴങ്ങി. ജയത്തോടെ ഒരു പോയിന്റ്‌ നേടിയ ആനന്ദ്‌ ഒന്നാമതാണ്‌.