കാമുകന്‍റെ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവഗുരുതരം

0
429

തിരുവല്ല: യുവാവ് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയുകയാണ് പെണ്‍കുട്ടി. എന്നാല്‍ ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 65 ശതമാനം പൊള്ളല്‍ ഏറ്റതിന് പുറമെ യുവതിയുടെ വയറില്‍ കുത്തേറ്റിട്ടുമുണ്ട്. ഇന്നലെ തിരുവല്ലയില്‍ വച്ചാണ് യുവതി കാമുകന്‍റെ ആക്രമണത്തിനിരയായത്. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സിവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്ബോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രണയം നിരസിച്ചു. തുടര്‍ന്ന് യുവാവ് വിവാഹ അഭ്യര്‍ത്ഥന നടത്തി ഇതും പെണ്‍കുട്ടി നിരസിച്ചതോടെയാണ് ആക്രമണം ഉണ്ടായത്.
തിരുവല്ല ചിലങ്ക ജം​ഗ്ഷനില്‍ കാത്തു നിന്ന യുവാവ് പെണ്‍കുട്ടി ക്ലാസ്സിലേക്ക് വരുന്ന വഴി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച്‌ കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച്‌ തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here