കെട്ടിട നികുതി പ്രതിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്കയില്‍ കോര്‍പറേഷന്‍

0
237

തിരുവനന്തപുരം: മുന്നു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ കെട്ടിട നികുതി ഈടാക്കുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്കയില്‍ കോര്‍പറേഷന്‍. 1993-1994 വര്‍ഷത്തിലാണ് കോര്‍പറേഷന്‍ മേഖലയില്‍ അവസാനമായി കെട്ടിട നികുതി പരിഷ്കരിച്ചത്. അതിനുശേഷം സര്‍ക്കാര്‍ പല നിര്‍ദേശങ്ങളും നല്‍കിയെങ്കിലും നികുതി പുതുക്കല്‍ നടന്നില്ല. കോര്‍പറേഷന്‍റെ പിഴവ് ജനങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തരത്തിലായതാണ് പ്രതിഷേധത്തിന് കാരണം. മുന്‍കാല പ്രാബല്യം ഒഴിവാക്കി നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.
650 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ താഴെയുള്ള കെട്ടിടങ്ങളെ 2015-2016 സാമ്പത്തിക വര്‍ഷം മുതല്‍ കെട്ടിട നികുതിയില്‍നിന്ന് ഒഴിവാക്കും. ഇളവിന് വേണ്ടി പ്രത്യേക അപേക്ഷ ഫോറം കെട്ടിട ഉടമ സമര്‍പ്പിക്കണം. ഈ ഇളവ് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കില്ല. വാടകക്ക് നല്‍കിയിട്ടുള്ള കെട്ടിടങ്ങള്‍ക്കും ആനുകൂല്യം നല്‍കില്ല. 2000 ചതുരശ്രയടിയില്‍ കൂടുതലുള്ള, ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ നികുതി പുനര്‍നിര്‍ണയിക്കുമ്പോള്‍ വര്‍ധന നിലവിലെ നികുതിയുടെ 25% ആയി നിജപ്പെടുത്തും. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തില്‍ ഇത് 100 ശതമാനത്തില്‍ കൂടില്ല.
നികുതി പരിഷ്കരണം നടപ്പാക്കുന്നതിനുമുമ്പ് കെട്ടിടങ്ങളില്‍ പുതിയ ടി.സി പതിപ്പിക്കുന്ന ജോലി തിങ്കളാഴ്ച ആരംഭിക്കും. പുതുക്കിയ കെട്ടിട നികുതി നിശ്ചയിക്കുന്നത് കെട്ടിടം സ്ഥിതി ചെയ്യുന്ന മേഖല, വഴി സൗകര്യത്തിന്‍റെ ലഭ്യത, മേല്‍ക്കൂരയുടെ നിര്‍മിതി, കാലപ്പഴക്കം, തറയുടെ നിര്‍മിതി എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഒരുതരത്തിലും കെട്ടിടത്തിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ സാധിക്കാതെ വന്നാല്‍ അതിന്‍റെ അടിസ്ഥാനത്തിലുള്ള ഇളവ് കെട്ടിട ഉടമക്ക് ലഭിക്കില്ല. അഞ്ച് മീറ്ററോ അതില്‍ കൂടുതലോ വീതിയുള്ള റോഡില്‍ നിന്ന് കെട്ടിടത്തിലേക്ക് പ്രവേശനമാര്‍ഗമുണ്ടെങ്കില്‍ അടിസ്ഥാന വസ്തു നികുതിയില്‍ ഇളവ് ലഭിക്കില്ല. പകരം 20% വര്‍ധന വരുത്തണമെന്നാണ് നിര്‍ദേശം. 200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പ്രാഥമിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് ഒരു വര്‍ഷത്തെ കെട്ടിടനികുതി 3200 രൂപ. അഞ്ച് മീറ്ററോ അതില്‍ കൂടുതലോ ഉള്ള റോഡിന്‍റെ വശത്താണ് വീടെങ്കില്‍ ഇതിന്‍റെ 20 ശതമാനം തുക കൂടി കൂട്ടേണ്ടിവരും. അതായത് 640 രൂപ അധികം നല്‍കണം.
ഒന്നര മീറ്ററോ അതില്‍ കുറവോ വീതിയുള്ള വഴി സൗകര്യമാണ് കെട്ടിടത്തിലേക്കുള്ളതെങ്കില്‍ അടിസ്ഥാന വസ്തു നികുതിയില്‍ 10 ശതമാനം ഇളവ് ലഭിക്കും.
പൊതുവഴി സൗകര്യം ഇല്ലാത്ത സ്ഥലത്താണ് കെട്ടിടമെങ്കില്‍ ഇളവ് 20 ശതമാനം ആണ്. അതേസമയം, അഞ്ച് മീറ്ററില്‍ കുറവും ഒന്നര മീറ്ററില്‍ കൂടുതലും വീതിയുള്ള വഴി സൗകര്യമുണ്ടെങ്കില്‍ ഇളവോ വര്‍ധനയോ ബാധകമാക്കേണ്ടെന്നാണ് നിര്‍ദേശം. ഒരു കെട്ടിടത്തിന്‍റെ മുന്നിലും വശത്തുമായി രണ്ടുതരം റോഡുകളുണ്ടായിരിക്കുകയും അവയില്‍ ഒരു റോഡില്‍ നിന്നു മാത്രം കെട്ടിടത്തിലേക്ക് പ്രവേശനം ഏര്‍പ്പെടുത്തിരിക്കുകയും ചെയ്താല്‍ നികുതി നിര്‍ണയത്തിന് പ്രധാന റോഡിന്‍റെ വീതി അടിസ്ഥാനമാക്കണം. റോഡുകളുടെ ലിസ്റ്റ് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണക്കാക്കണമെന്നാണ് ചട്ടം. മറ്റ് തെളിവുകളില്ളെങ്കില്‍ ആദ്യമായി കെട്ടിട നികുതിയോ വസ്തുനികുതിയോ ഈടാക്കിത്തുടങ്ങിയ തീയതിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കെട്ടിത്തിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കുക. 200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിട ഉടമ കുറഞ്ഞത് 3200 രൂപ വാര്‍ഷിക കെട്ടിട നികുതി ഇനത്തില്‍ നല്‍കണം.
മൂന്നുവര്‍ഷത്തെ മുന്‍കാല പ്രാബല്യം നടപ്പാക്കുന്നതോടെ തുക 9600 രൂപയായി വര്‍ധിക്കും. സാധാരണക്കാരെ സംബന്ധിച്ച് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. 2000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങളെ നികുതി വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കെട്ടിട ഉടമകള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കില്ല. നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളും 2000 ചതുരശ്ര അടിക്ക് മേലെയുള്ളതാണെന്നതാണ് കാരണം.