കെ.എസ്.ആര്‍.ടിസില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്ന കാര്യം ആലോചനയില്‍; മുഖ്യമന്ത്രി

0
24

തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടിസിയിലെ പെന്‍ഷന്‍ പ്രായം 60 വയസ് ആക്കാനുള്ള നീക്കത്തെക്കുറിച്ച്‌ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് വി.ടി. ബലറാം നല്‍കിയ നോട്ടീസില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ ആലോചനയില്‍പോലുമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. അത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നിലുമില്ല.
കെ.എസ്.ആര്‍.ടി.സിയുടെ മറപിടിച്ച്‌ സംസ്ഥാനത്തെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനാണു നീക്കമെന്നു യു.ഡി.എഫ് ആരോപിച്ചു. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്. അംഗങ്ങളും ഒ. രാജഗോപാലും നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കെ.എം. മാണി ഇറങ്ങിപ്പോക്കില്‍ പങ്കുചേര്‍ന്നില്ല.
സുശീല്‍ ഖന്ന കമ്മിഷനാണു കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതെന്നു നോട്ടീസിനു മറുപടി നല്‍കിയ മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
എല്ലാ പാര്‍ട്ടികളും ഇതു ചര്‍ച്ച ചെയ്യണം. കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് യുവജനങ്ങളുടെ ജോലി സാധ്യതയെ ബാധിക്കില്ല. ചെറുപ്പക്കാരുടെ തൊഴിലവസരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.- മന്ത്രി പറഞ്ഞു.
പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയിലെ നിയമനങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുമെന്നു ബലറാം ചൂണ്ടിക്കാട്ടി. ജോലി ക്രമീകരണത്തിന്‍റെ ഭാഗമായി പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here