ക്രൊയേഷ്യക്ക് നാല് ഗോള്‍ ജയം, ഇറ്റലിയെ സ്വീഡന്‍ വീഴ്ത്തി :ആദ്യ പാദത്തില്‍ ഇറ്റലിക്ക് തോല്‍വി

0
45

സാഗ്രെബ്: യൂറോപ്യന്‍ മേഖലാ ലോകകപ്പ് പ്ലേ ഓഫിന്‍റെ ആദ്യ പാദത്തില്‍ ഇറ്റലിക്ക് തോല്‍വി. അതേസമയം ക്രൊയേഷ്യ ഗംഭീര ജയവുമായി റഷ്യയിലേക്കുള്ള ടിക്കറ്റ് ഏതാണ്ട് ഉറപ്പിച്ചു. സ്വിറ്റ്സര്‍ലന്‍ഡും ആദ്യ പാദം ജയിച്ചിട്ടുണ്ട്. സ്വീഡനില്‍ നടന്ന വാശിയേറിയ പോരില്‍ ഇറ്റലി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. അറുപത്തൊന്നാം മിനുട്ടില്‍ ജാക്കബ് ജോണ്‍സനാണ് വിജയഗോള്‍ നേടിയത്.
ഇരുപത് വാര അകലെ നിന്ന് ജോണ്‍സന്‍ തൊടുത്തു വിട്ട ഷോട്ട് ഇറ്റാലിയന്‍ താരം ഡാനിയല്‍ ഡി റോസിയുടെ ദേഹത്ത് തട്ടി വലയില്‍ കയറുകയായിരുന്നു. ആദ്യ പകുതിയില്‍ സ്വീഡനായിരുന്നു മികച്ചു നിന്നത്. രണ്ടാം പകുതിയിലാണ് ഇറ്റലി കളി പുറത്തെടുത്തത്. എന്നാല്‍, പ്രതീക്ഷിക്കാതെ ഗോള്‍ വീണത് അസൂറിപ്പടയെ വെട്ടിലാക്കി.
എവേ ഗോള്‍ നേടാന്‍ പൊരുതിക്കളിച്ച ഇറ്റലി മാറ്റിയോ ഡാമിയനിലൂടെ സമനില ഗോളിനടുത്തെത്തി. ഡാമിയന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചതോടെ ഇറ്റലിയുടെ നിര്‍ഭാഗ്യം തെളിഞ്ഞു. തിങ്കളാഴ്ച മിലാനിലെ സാന്‍സിറോയിലാണ് രണ്ടാം പാദം. ജയിച്ചാല്‍ മാത്രമേ റഷ്യയില്‍ ലോകകപ്പ് കളിക്കാന്‍ ഇറ്റലിയുണ്ടാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here