ജിത്തു റായിക്ക്‌ സ്വര്‍ണം

0
53

ബാങ്കോക്ക്‌: ഐ.എസ്‌.എസ്‌.എഫ്‌. ലോകകപ്പില്‍ ഇന്ത്യയുടെ ഷൂട്ടര്‍ ജിത്തു റായ്‌ സ്വര്‍ണം നേടി. 50 മീറ്റര്‍ പിസ്‌റ്റള്‍ ഇനത്തിലാണ്‌ ജിതു റായ്‌ ഒളിമ്പിക്‌ ചാമ്പ്യന്‍ ചൈനയുടെ പാങ്‌ വീ അടക്കമുള്ളവരെ മറികടന്നത്‌ സ്വര്‍ണം നേടിയത്‌. കൈപ്പത്തിക്കേറ്റ പരുക്കു മൂലം മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കു ശേഷമാണ്‌ ജിത്തു മത്സരിക്കാനെത്തിയത്‌. 191.3 പോയിന്റുമായാണ്‌ ജിതു സ്വര്‍ണം നേടിയത്‌. 186.5 പോയിന്റ്‌ നേടിയ പാങ്‌ വീ രണ്ടാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ചൈനയുടെ തന്നെ ഒളിമ്പിക്‌ വെങ്കല മെഡല്‍ ജേതാവ്‌ വാങ്‌ ഷീവീ 165.8 പോയിന്റുമായി വെങ്കലം നേടി. 50 മീറ്റര്‍ പിസ്‌റ്റളില്‍ ജിത്തുവിനൊപ്പം മത്സരിച്ച പ്രകാശ്‌ നഞ്ചപ്പ 17-ാമതാണു ഫിനിഷ്‌ ചെയ്‌തത്‌. യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കു ഭീഷണിയായിരുന്ന ജപ്പാന്റെ മുന്‍ ലോക ചാമ്പ്യന്‍ ടോമിയുകി മാറ്റ്‌സുദയ്‌ക്ക് അഞ്ചാംസ്‌ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്നു. 2014 മുതല്‍ ഐ.എസ്‌.എസ്‌.എഫ്‌. ലോകകപ്പില്‍ സ്വര്‍ണം അടക്കമുള്ള മെഡലുകള്‍ നേടാന്‍ ജിത്തു റായിക്കായി. ഏഷ്യന്‍ ഗെയിംസിലും ജിത്തു ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടി. ഇന്ന്‌ പുരുഷ വിഭാഗം 50 മീറ്റര്‍ പ്രോണ്‍, 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. പിസ്‌റ്റള്‍ ഇനത്തില്‍ ജിത്തുവും റൈഫിള്‍ ഇനത്തില്‍ ഗഗന്‍ നാരങും ചെയ്‌ന്‍ സിങ്ങും ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകളാണ്‌.