ട്വന്‍റി20 ലോക കപ്പ്: ധർമശാലയിൽ നിന്ന് വേദി മാറ്റണമെന്ന് പാക്കിസ്ഥാൻ

0
162

ന്യൂഡൽഹി: ട്വിന്‍റി20 ലോക കപ്പിൽ ഇന്ത്യയുമായുള്ള മത്സരം ധർമശാല‍യിൽ നിന്ന് മാറ്റണമെന്ന് പാക്കിസ്ഥാൻ. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് മത്സരം മാറ്റണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെടുന്നത്. മാർച്ച് 19നാണ് മത്സരം നടക്കേണ്ടത്. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം മത്സരക്രമവുമായി മുന്നോട്ട് പോകുമെന്ന് ചൊവ്വാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതോടെ മത്സരം സംബന്ധിച്ച് പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

ധർമശാലയിൽ നിന്ന് മത്സര വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്താരാഷാട്ര ക്രിക്കറ്റ് ബോർഡിന് പാക്കിസ്ഥാൻ കത്ത് നൽകി. കോൽക്കത്തയിലേക്കോ, മൊഹാലിയിലേക്ക് മാർച്ച് 19ലെ മത്സരം മാറ്റി വയ്ക്കണമെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്. പാക്ക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന, ധർമശാലയ്ക്ക് പുറത്ത് എവിടേയും മത്സരം നടത്താനും പാക്കിസ്ഥാൻ തയ്യാറാണ്.

മത്സരത്തിന് പൂർണ സുരക്ഷയൊരുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി പറഞ്ഞു. സുരക്ഷയെ സംബന്ധിച്ച് ഒരു ഉറപ്പും കേന്ദ്ര സർക്കാരും നൽകിയിട്ടില്ലെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. ശിവസേനയുടെ പ്രതിഷേധം മൂലമാണ് പാക്കിസ്ഥാൻ വേദി മാറ്റത്തിന് സമ്മർദ്ദം ചെലുത്തുന്നത്. പാക്ക് ക്രിക്കറ്റ് താരങ്ങൾക്ക് ഒരുക്കിയിരിക്കുന്ന സുരക്ഷയെ കുറിച്ച് ഒരു അറിയിപ്പും ഇന്ത്യൻ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ എന്തടിസ്ഥാനത്തിൽ താരങ്ങളെ ധർമശാലയിലേക്ക് അയക്കാനാകുമെന്നാണ് പാക്കിസ്ഥാൻ ചോദിക്കുന്നത്.