തിരുവനന്തപുരത്ത് വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ രണ്ടുമാസത്തിനുള്ളിൽ

0
17

തിരുവനന്തപുരം: ആറിടത്ത് ബി.എസ്.എൻ. എല്ലും മറ്റ് പന്ത്രണ്ട് സ്ഥലങ്ങളിൽ കോർപറേഷന്‍റെ സഹായത്തോടെയും വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ രണ്ടുമാസത്തിനുള്ളിൽ റെഡിയാകും. ആദ്യ 15 മിനിറ്റ് ഇത് സൗജന്യമായിരിക്കുമെന്ന് ബി. എസ്.എൻ. എൽ അധികൃതർ പറഞ്ഞു. അതിന് ശേഷമുള്ള അധികസമയത്തിന് ചാർജ് നൽകേണ്ടിവരും. ബി.എസ്.എൻ.എല്ലിന്‍റെ പുതിയ സ്കീം അനുസരിച്ച് സാധാരണ താരിഫ് വൗച്ചർ കാർഡ് ഉപയോഗിച്ചും വൈ-ഫൈ ഉപയോഗിക്കാം.
ഹോട്ട്സ്പോട്ടിൽ സ്മാർട്ട് ഫോണുമായി പ്രവേശിച്ചാൽ ഉടൻ അലർട്ട് നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് സെലക്ട് ചെയ്ത ശേഷം മൊബൈൽ നമ്പർ നൽകിയാൽ വൺ ടൈം പാസ് വേർഡ് കിട്ടും. ഇത് നൽകിയശേഷം വൈ-ഫൈ സേവനം ഉപയോഗിക്കാം. പതിനഞ്ച് മിനിറ്റിന് ശേഷം ഉപയോഗിക്കണമെങ്കിൽ അതിൽ തന്നെ തെളിഞ്ഞുവരുന്ന ഓൺലൈൻ പേമെന്റ് ഗേറ്റ് വേയിൽ പണമടക്കുകയോ ബി.എസ്.എൻ.എല്ലിന്‍റെ താരിഫ് വൗച്ചർ ഉപയോഗിക്കുകയോ വേണം. സംസ്ഥാനത്ത് കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ 145 കേന്ദ്രങ്ങളിലാണ് വൈ-ഫൈ ഹോട്ട് സ്പോട്ടുളളത്.

ഈ വർഷം 250 സ്ഥലങ്ങളിൽ കൂടി സേവനം തുടങ്ങുമെന്ന് ബി.എസ്.എൻ.എൽ അറിയിച്ചു. ഒരു ഹോട്ട് സ്പോട്ട് ആക്സസ് പോയിന്റിൽ മുന്നൂറ് മീറ്റർ പരിധിയിലാണ് ശക്തമായ വൈ-ഫൈ സിഗ്നൽ ലഭിക്കുക. ഈ വർഷം തിരുവനന്തപുരം നഗരത്തിലെ 25 കേന്ദ്രങ്ങളിൽ വൈ-ഫൈ ഒരുക്കാനാണ് ബി. എസ്.എൻ. എൽ നീക്കം.സ്റ്റാച്യു, കിഴക്കേകോട്ട, പട്ടം, തമ്പാനൂർ, എയർപോർട്ട്, കോർപറേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം വൈ-ഫൈ ഹോട്ട് സ്പോട്ട് പ്രവർത്തനം ആരംഭിച്ചു.