തുര്‍ക്കി കുര്‍ദ്ദ് അനുകൂലികളായ 11000 അധ്യാപകരെ പുറത്താക്കി

0
168

അങ്കാറ: കുർദ്ദിഷ് വർക്കേസ് പാർടിയോട് ആഭിമുഖ്യം പുലർത്തിയെന്നാരോപിച്ച് 11000 അധ്യാപകരെ തുർക്കി സസ്പെന്‍റ് ചെയ്തു. തീവ്രവാദത്തിനെതിരായ നടപടിയുടെ ഭാഗമെന്ന് സർക്കാർ. ഇതാദ്യമായാണ് ഇത്രയധികം അധ്യാപകരെ ഒന്നിച്ച് തുർക്കിയിൽ സസ്പെന്‍റ് ചെയ്യുന്നത്.

തീവ്രവാദികളെ അമർ‍ച്ച ചെയ്യാൻ തുർക്കി പ്രതിജ്ഞാ ബന്ധമാണെന്ന് വ്യക്തമാക്കിയാണ് പ്രസിഡന്‍റ് തയ്യിബ് എർദോഗൻ രാജ്യത്തെ 11285 അധ്യാപകരെ സസ്പെന്‍റ് ചെയ്യുന്നതായി പ്രഖ്യാപിച്ചത്. തുർക്കി തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച കുർദ്ദിഷ് വർക്കേസ് പാർട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി.

പ്രാഥമിക അന്വേഷണ കാലയളവിൽ ശമ്പളത്തിന്‍റെ മൂന്നിലൊന്ന് ഭാഗം തടഞ്ഞുവയ്ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് തലസ്ഥാനമായ അങ്കാറയിലെ യോഗത്തിൽ എർദോഗൻ അറിയിച്ചു.ഏതു മേഖലയിലെ അധ്യാപകരെയാണ് പുറത്താക്കിയതെന്ന് വ്യക്തമല്ല. 850000 അധ്യാപകരാണ് തുർക്കിയിലുള്ളത്. ഇതിൽ രണ്ട് ശതമാനം അധ്യാപകരെയാണ് ഇപ്പോൾ സസ്പെന്‍റ് ചെയ്തിരിക്കുന്നത്.

രാജ്യത്ത് തീവ്രവാദം വളർത്തുന്നതിൽ കുർദ്ദിഷ് പാർടിയെ അധ്യാപകർ സഹായിച്ചിട്ടുണ്ടോയെന്നാണ് ഏജൻസികൾ അന്വേഷിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ കുർദ്ദിഷ് വർക്കേസ് പാർടിയാണെന്നാണ് തുർക്കി സർക്കാരിന്‍റെ വാദം.

തെക്ക് കിഴക്കൻ തുർക്കിയിലാണ് കുർദ്ദുകൾ ഏറ്റവുമധികമുള്ളത്. ജൂലൈയിൽ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലെ 15200 ഉദ്യോഗസ്ഥരെ പുറത്താക്കിയ തുർക്കി 21000 സ്വകാര്യ അധ്യാപകരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.