നടി ആക്രമിക്കപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും

0
15

കൊച്ചി : വിചാരണ നടപടികള്‍ തുടങ്ങുന്നതിന്‍റെ മുന്നോടിയായി നടി ആക്രമിക്കപ്പെട്ട കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെ മു‍ഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദിലീപ് ഇന്ന് ഹാജരായേക്കില്ല. പകരം അവധി അപേക്ഷ നല്‍കിയേക്കും. ഏത് കോടതിയില്‍ എന്ന് വിചാരണ തുടങ്ങണമെന്ന് സെഷന്‍സ് കോടതിയാണ് തീരുമാനമെടുക്കുക. മു‍ഴുവന്‍ പ്രതികളുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമാകും സെഷന്‍സ് കോടതിയുടെ തീരുമാനം.
അതിനിടെ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ കൂടി വിധി പറഞ്ഞ ശേഷമാകും വിചാരണക്കോടതിയില്‍ നടപടികള്‍ തുടങ്ങുക.
അതേസമയം കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മേല്‍ക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. കേസില്‍ എട്ടാം പ്രതിയായ ദിലീപ് തന്‍റെ ജാമ്യം നീട്ടി നല്‍കണമെന്ന് വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. ദിലീപിനെതിരേ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങീ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന പത്തോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here