നാളെ വീണ്ടും ബ്രസീല്‍

0
45

ഫ്ളോറിഡ: ആദ്യ കളിയില്‍ ഇക്വഡോറിനോട് ഗോള്‍ നേടാനാകാതെ സമനില വഴങ്ങേണ്ടിവന്നതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ബ്രസീല്‍ നാളെ വീണ്ടും കളത്തില്‍. ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനുള്ള പോരാട്ടത്തില്‍ ഹെയ്തിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ഗ്രൂപ്പ് ബിയില്‍ ഒരു പോയിന്റുള്ള ബ്രസീല്‍ രണ്ടാമത്.ആദ്യ കളിയില്‍ ഹെയ്തിയെ കീഴടക്കിയ പെറു ഒന്നാമത്. ഇന്നു ജയിച്ചില്ലെങ്കില്‍ ബ്രസീലിന്റെ കോപ്പ സ്വപ്നങ്ങള്‍ തുലാസിലാകും.
ബാഴ്സലോണയുമായുള്ള ധാരണ പ്രകാരം സൂപ്പര്‍ താരം നെയ്മറില്ലാത്ത ടീമില്‍ നിന്ന് മറ്റു ചില പ്രമുഖര്‍ പരിക്കു മൂലം ഒഴിവായത് ദുംഗയെയും സംഘത്തെയും പ്രതിസന്ധിയിലാക്കുന്നു. ഹെയ്തിക്കെതിരെ മികച്ച ജയത്തിലൂടെ തിരിച്ചുവരാമെന്നു ദുംഗയുടെ കണക്കുകൂട്ടല്‍. ഹള്‍ക്ക്, ജൊനാസ്, യുവതാരം ഗബ്രിയേല്‍ എന്നിവരടങ്ങിയ മുന്നേറ്റം കരുത്തു തെളിയിക്കുമെന്നും ടീം കണക്കുകൂട്ടുന്നു.

ഫിലിപ്പ് കുട്ടീഞ്ഞൊ, ലൂക്കാസ്, ലൂക്കാസ് ലിമ, വില്യന്‍, ഡാനി ആല്‍വ്സ്, മാര്‍ക്കീഞ്ഞൊ, മിരാന്‍ഡ തുടങ്ങിയവര്‍ അവസരത്തിനൊത്തുയരുമെന്നും ദുംഗയുടെ പ്രതീക്ഷ.
ഗ്രൂപ്പിലെ ദുര്‍ബലരാണ് ഹെയ്തി. ആദ്യമായി കോപ്പയിലെത്തുന്ന ഹെയ്തിക്ക് വലിയ പ്രതീക്ഷയുമില്ല.

എങ്കിലും കരുത്തരെ പിടിച്ചുനിര്‍ത്താനായാല്‍ അതിലും വലിയ നേട്ടവുമില്ല. കഴിഞ്ഞ അഞ്ചു കളികളില്‍ രണ്ടു ജയം മാത്രമേ ബ്രസീലിന്റെ പട്ടികയിലുള്ളു. മൂന്നു മത്സരങ്ങള്‍ സമനിലയില്‍. ഹെയ്തിയാകട്ടെ അഞ്ചില്‍ നാലിലും തോറ്റു, ഒന്ന് സമനിലയില്‍. കോപ്പയില്‍ കഴിഞ്ഞ പതിനാല് മത്സരങ്ങളില്‍ ഏഴു ജയവും ആറു സമനിലും ബ്രസീലിന്റെ അക്കൗണ്ടില്‍. ഒരെണ്ണം തോറ്റു.