നിപ വൈറസ്; ഭയപ്പേടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ സംഘം

0
141

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിലേക്ക് നിപ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ അഭ്യര്‍ഥന പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ആണ് വൈദ്യസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ഈ സംഘം ഇന്ന് കോഴിക്കോട്ടെത്തും. പനി ബാധിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഭയപ്പേടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാലില്‍നിന്ന് എത്തിയ മെഡിക്കല്‍ സംഘം വ്യക്തമാക്കി. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ തലവന്‍ പ്രൊഫ.ജി അരുണ്‍കുമാറും സംഘവും ശനിയാഴ്ച രാവിലെ മുതല്‍ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പ്രദേശവാസികളോട് ഇക്കാര്യം പറഞ്ഞത്.
വ്യാപകമായി രോഗം പകരുന്നെന്ന രീതിയിലുള്ള ഭീതി പരത്തുന്നത് തെറ്റാണ്. വീട് മാറിപ്പോകേണ്ട സാഹചര്യമില്ല. രോഗാണുവിനെ തിരിച്ചറിഞ്ഞാലേ മികച്ച ചികിത്സ ഉറപ്പാക്കാനാകൂ. രോഗികളുടെ രക്തം, തൊണ്ടയിലെ സ്രവം എന്നിവ മണിപ്പാലില്‍ നിന്ന് പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ പരിശോധന ഫലം അറിയാമെന്നാണ് കരുതുന്നതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
മരണപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തില്‍ അടുത്ത് ഇടപഴകിയ ആളുകള്‍ക്കാണ് ഈ രോഗം വന്നത്. തലച്ചോറിനെ ബാധിക്കുന്ന മസ്തിഷ്‌ക ജ്വരമാണിത്. പനിയുണ്ടെന്ന് പറയുന്ന മറ്റുള്ളവര്‍ക്ക് ആ രീതിയിലായിട്ടില്ല. മരണപ്പെട്ടവര്‍ക്ക് തന്നെ ഒരാള്‍ക്ക് വന്ന ശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നതാണോ എല്ലാവര്‍ക്കും ഒരേ സമയം വന്നതാണോ എന്നത് ഉറപ്പാക്കാനുണ്ട്. ആദ്യ മരണം സംഭവിച്ച്‌ 15 ദിവസം പിന്നിട്ട് കഴിഞ്ഞു. ഇതിനിടയില്‍ വ്യാപകമായി പടരുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. രോഗം ബാധിച്ച്‌ മരിക്കുന്നവരുമായി ഇടപഴകുന്നവര്‍ കൈയുറകളും മാസ്‌കുമടക്കം മുന്‍കരുതല്‍ നടപടികള്‍ എടുക്കണം. സമൂഹമാധ്യമത്തിലെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെടരുത്. ആരോഗ്യവകുപ്പ് വളരെ പെട്ടെന്ന് ഇടപെട്ടതിനാലാണ് പെട്ടെന്നുതന്നെ വിദഗ്ധ പരിശോധന നടത്താനായതെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here