നിയമക്കുരുക്കിൽ സൽമാൻ ഖാൻ

0
30

മുംബൈ ∙ബോളിവുഡ് സൽമാൻ ഖാൻ വീണ്ടും നിയമക്കുരുക്കിൽ. മാനഭംഗത്തിനിരയായ പെൺകുട്ടിയെപ്പോലെ അവശയായെന്ന വിവാദ പരാമർശത്തിൽ സൽമാൻ ഖാൻ വീണ്ടും നിയമക്കുരുക്കിലായത്. സൽമാന്‍റെ പരാമർശം മാനസികാഘാതമുണ്ടാക്കിയെന്നും 10 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് മാനഭംഗത്തിനിരയായ യുവതി നോട്ടീസ് അയച്ചു. ഹരിയാനയിലെ ഹിസാർ സ്വദേശിയായ യുവതിയാണ് സൽമാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വിലാസത്തിലേക്ക് നോട്ടിസ് അയച്ചത്. പരാമർശത്തിൽ പരസ്യമായി മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു. സൽമാന്‍റെ പരാമർശത്തിലൂടെ തന്‍റെ വ്യക്തിത്വത്തിന് കളങ്കമുണ്ടായതായി നോട്ടിസിൽ പെൺകുട്ടി പറയുന്നു. ഇതെന്നെ മാനസികമായി തളർത്തി. എന്‍റെ ഇപ്പോഴത്തെ മാനസിക തകർച്ചയ്ക്ക് കാരണം സൽമാന്‍റെ പരാമർശമാണെന്നും നോട്ടിസിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ മനഃശാസ്ത്രജ്ഞന്‍റെ ചികിൽസയിലാണ്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. അല്ലെങ്കിൽ സൽമാനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സൽമാൻ ഖാനെപ്പോലെ നല്ലൊരു വ്യക്തിത്വത്തിനുടമയായ ഒരാൾക്ക് എങ്ങനെ ഇത്തരത്തിൽ മോശമായ പ്രസ്താവന നടത്താൻ കഴിഞ്ഞുവെന്നാണ് നോട്ടിസിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള പെൺകുട്ടിയുടെ പ്രതികരണം. മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ വേദന അവൾക്ക് മാത്രമേ അറിയൂ. ഇത്തരമൊരു സംഭവത്തെ ഇത്ര ലാളിത്യത്തോടെ നേക്കിക്കാണാൻ അദ്ദേഹത്തിനു എങ്ങനെ സാധിച്ചുവെന്നും പെൺകുട്ടി ചോദിച്ചു. നാലുവർഷം മുൻപാണ് 10 പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. 10 പേരിൽ നാലുപേരെ ജീവപര്യന്തം തടവിനു വിധിച്ചു. ഇവർക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പെൺകുട്ടി ഇപ്പോൾ ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.