‘പത്മാവതി ബിഹാറില്‍ പ്രദര്‍ശിപ്പിക്കില്ല’ വിവാദ പ്രസ്താവനയുമായി നിതീഷ് കുമാര്‍

0
153

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ബിഹാറില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചിത്രത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ളവരെ സുപ്രീം കോടതി താക്കീത് ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ വിവാദ പ്രസ്താവന.

തന്റെ സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കില്ല, പത്മാവതിക്കെതിരെ വിവിധ കോണില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. സംവിധായകന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അതുവരെ ചിത്രം ബിഹാറില്‍ പ്രദര്‍ശിപ്പിക്കില്ല’ – നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാര്‍ സാംസ്കാരിക വകുപ്പ് മന്ത്രി കൃഷ്ണകുമാര്‍ റിഷിയും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച്‌ രംഗത്തെത്തി. ചിത്രത്തില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാതെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവരും പൊതുപ്രവര്‍ത്തകരും പത്മാവതിയെ കുറിച്ച്‌ പരസ്യ പ്രസ്താവന നടത്തരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചിത്രത്തിനെതിരെ വിവാദ പരമാര്‍ശം നടത്തുന്ന ആറാമത്തെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിജയ് രുപാണി(ഗുജറാത്ത്), ശിവ് രാജ് സിംഗ് ചൗഹാന്‍(മധ്യപ്രദേശ്), വസുന്ദര രാജെ( രാജസ്ഥാന്‍) എന്നിവര്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിമാരാണ്. പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്റെ സംസ്ഥാനത്ത് പത്മാവതി പ്രദര്‍ശിപ്പിക്കില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here