പി.ആര്‍.ഒയും അവാര്‍ഡുകളും

0
44

കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി എല്ലാ ബുധനാഴ്ചയും കൂടുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പത്ര സമ്മേളനം നടത്താറുണ്ട്. മന്ത്രിസഭാ യോഗതീരുമാനങ്ങളും മറ്റും വിശദീകരിക്കുകയാണ് ലക്ഷ്യം. പത്ര സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോഴും അതിനു ശേഷവും പത്ര പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്.അവസരത്തിലും അനവസരത്തിലും ചോദ്യങ്ങള്‍ എയ്തുവിടുന്നത് പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകരാണ്.ഇവര്‍ക്കാവട്ടെ കമ്പ്യൂട്ടറിലൂടെയും മൊബൈല്‍ഫോണിലൂടെയുമുള്ള അറിവാണ് കൂടുതലും.

പതിവിനും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമായിട്ടാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍,ഞാന്‍ പി.ആര്‍.ഒ. അല്ലായെന്ന് തുറന്നടിച്ചത്.ഇതി കേട്ട് പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകര്‍ മാത്രമല്ല പഴയ തലമുറയിലെ ചിലരെങ്കിലും ഞെട്ടിപോയിട്ടുണ്ടാകും.കാരണം ഒരു മാസം മുന്‍പുവരെ നടന്നുവന്ന ഒരു ചടങ്ങ് പെട്ടെന്ന് ഇല്ലാതായപ്പോള്‍ ആരായാലും ഞെട്ടിയെന്ന് വരും.

ഇന്നത്തെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ പ്രാദേശിക നേതാവ് മുതല്‍ അഖിലേന്ത്യ നേതാവുവരെയുള്ളവര്‍ ഒരു വിധത്തില്‍ പറഞ്ഞാല്‍ പി.ആര്‍.ഒ മാരാണ്.പബ്‌ളിസിറ്റിക്കുവേണ്ടി ചിലപ്പോള്‍ ഏതറ്റം വരെ താരാനും ഇവര്‍ക്ക് മടിയില്ല.പത്ര പ്രസ്താവനയിലൂടെയും പത്രസമ്മേളനങ്ങളിലൂമായാണ് ചിലര്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്.ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നനവരില്‍ ചിലരെ കണ്ടാല്‍ അപസ്മാരം ബാധിച്ചവരെ പോലെ തേന്നും.

രാഷ്ട്രീയക്കാരെ പോലെ തന്നെ ചില സാംസ്‌കാരിക നായകന്‍മാരും പി.ആര്‍.ഒ മാരാകാറുണ്ട്.സാഹിത്യവുമായി പുലബന്ധം പോലും ഇല്ലാത്തവരും,അതേ സമയം വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ളവരെ സാഹിത്യ സമ്മേളനങ്ങളിലെ അദ്ധ്യക്ഷ വേദിയില്‍ ക്ഷണിച്ചിരുത്തിയാണ് ചില സാംസ്‌കാരിക നായകന്‍മാര്‍ പി.അര്‍.ഒ കളായി മാറുന്നത്.പ്രത്യേകിച്ചും പുസ്തക പ്രകാശന ചടങ്ങുകളില്‍.ഈയിടെ നടന്ന ഒരു പുസ്തക പ്രകാശന മാമാങ്കത്തില്‍ വിജയ് മല്ല്യ ക്ഷണിക്കപ്പെട്ട അഥിതിയായിരുന്നത് വാര്‍ത്താ പ്രാധാത്യം ലഭിച്ചിരുന്നു.

അതുപോലെ തന്നെയാണ് അവാര്‍ഡുകളുടെ കാര്യത്തിലും.ബഹുഭൂരിപക്ഷം അവാര്‍ഡുകളും പണം മുന്‍കൂറായി നല്‍കി വാങ്ങുന്നവയാണ്.അവാര്‍ഡുകള്‍ കൈപ്പറ്റുന്നവരിലും അവാര്‍ഡു ദാനം നിര്‍വഹിക്കുന്നവരിലും ചില രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.സ്ഥിരം അവാര്‍ഡുകള്‍ നല്‍കുന്ന സംഘടനകളും ഈവന്‍ മാനേജ്‌മെന്റുകളും തലസ്ഥാന നഗരിയില്‍ സജീവമാണ്.

മഹാകവി എം.പി.അപ്പന്‍റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൈപ്പറ്റിയ പ്രശസ്ത സാഹിത്യകാരന്‍ എം.പി.അപ്പന്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്റ് കൂടിയാണ്.എം.പി.അപ്പന്‍ ഫൗണ്ടേഷന്‍ തന്നെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതും.അവാര്‍ഡ് എന്ന് കേട്ടാല്‍ കുഴിയില്‍ നിന്നും എണീറ്റുവരുമെന്ന് മുന്‍പ് ആരോ പറഞ്ഞത് ഓര്‍ത്തുപോകുന്നു.

മൂല്യാധിഷ്ടിത പത്ര പ്രവര്‍ത്തനം നടത്തിയ മണ്‍മറഞ്ഞ നിരവധി പേര്‍ നമ്മുടെ മുന്നിലുണ്ട്.അതുപോലെ തന്നെ മൂല്യാധിഷ്ടിത രാഷ്ട്രീയം കൈവിട്ടുപോകാതെ സൂക്ഷിച്ചവരും.

                                                                                                                                                 കിളിമാനൂര്‍ നടരാജന്‍