ബോക്സിങ് ചാമ്ബ്യന്‍ ഹരികൃഷ്ണന്‍ വിടവാങ്ങി

0
23

 

കുറവിലങ്ങാട്: ദേശീയ കിക്ക് ബോക്സിങ് ഫൈനലില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുന്‍ ഏഷ്യന്‍ ചാമ്ബ്യന്‍ മരണത്തിനു കീഴടങ്ങി. കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ കെ.കെ. ഹരികൃഷ്ണനാ(24)ണു മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10-നു വീട്ടുവളപ്പില്‍. ഛത്തീസ്ഗഡിലെ റായ്പൂരില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന മത്സരത്തില്‍ ഹരികൃഷ്ണന്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
അവസാന റൗണ്ട് മത്സരം പൂര്‍ത്തിയായ ഉടന്‍ ഹരികൃഷ്ണന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തലയ്ക്കു ഗുരുതരപരുക്കേറ്റ് അബോധാവസ്ഥയിലായ ഹരികൃഷ്ണനെ റായ്പൂരിലെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തരശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് കഴിഞ്ഞ 14-ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ച്‌, വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ആദ്യമായി ദേശീയ കിക്ക് ബോക്സിങ് മത്സരത്തില്‍ പങ്കെടുത്ത മലയാളിയെന്ന ബഹുമതിയും ഹരികൃഷ്ണനാണ്. 2015-ല്‍ പുനെയില്‍ നടന്ന ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. ആവര്‍ഷം ഹരിയാനയില്‍ നടന്ന ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി നേടി. 2010-ല്‍ ദേശീയ ചാമ്ബ്യന്‍ഷിപ്പ് ജേതാവായി.
2011-ലെ ദക്ഷിണേന്ത്യന്‍ ചാമ്ബ്യന്‍ഷിപ്പിലും 2012-ലെ ഇന്ത്യന്‍ ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പിലും സ്വര്‍ണം നേടി. 2014 ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി നേടി.
കുറവിലങ്ങാട് ദേവമാതാ കോളജില്‍നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയശേഷം മാന്നാനം കെ.ഇ. കോളജില്‍ എം.എസ്.ഡബ്യു. പൂര്‍ത്തിയാക്കി. റവന്യൂ ഇലക്ഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണു പിതാവ് കൃഷ്ണന്‍കുട്ടി. മാതാവ് ശാന്തകുമാരി കടപ്പൂര്‍ പ്ലാത്താനം കുടുംബാംഗം. സഹോദരി: അഞ്ജലി (ബംഗളുരു).

LEAVE A REPLY

Please enter your comment!
Please enter your name here