ബോറടി മാറ്റാന്‍ നഴ്സ് കൊന്നൊടുക്കിയത് 106 രോഗികളെ

0
81

 

ബെര്‍ലിന്‍: ബോറടി മാറ്റാന്‍ നഴ്സ് 106 രോഗികളെ മരുന്ന് കുത്തിവെച്ച്‌ കൊന്നൊടുക്കി. ജര്‍മ്മനിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. നീല്‍സ് ഹോഗെല്‍ എന്ന 41 കാരനാണ് ഭൂമിയിലെ മാലാഖമാര്‍ എന്ന് പൊതുവെ അറിയപ്പെടുന്ന നഴ്സുമാര്‍ക്ക് മരണത്തിന്‍റെ മാലാഖ എന്ന പേര് നല്‍കാനിടവരുത്തിയത്. ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്ബരകളുടെ ചുരുളഴിച്ചത്.

നീല്‍സിന് ബോറടിക്കുമ്പോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവയ്ക്കും. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികളിലാണ് മാരകമായ മരുന്ന് കുത്തിവച്ചത്. തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്ബോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ഇതില്‍ ചിലത് വിജയിക്കുകയുമായിരുന്നു. എന്നാല്‍ ഇത്തരം പരീക്ഷണത്തില്‍ ഭൂരിഭാഗം പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്.

രണ്ട് കൊലപാതകങ്ങളും നാല് കൊലപാതക ശ്രമങ്ങളുമായി ബന്ധപ്പെട്ട് 2015ല്‍ ആണ് പോലീസ് നീല്‍സിനെ കുറ്റക്കാരനായി ആദ്യം കണ്ടെത്തിയത്. ഇയാള്‍ നടത്തിയ കൂടുതല്‍ കൊലപാതകങ്ങളെ കുറിച്ച്‌ അന്ന് തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 90 പേരെ കൂടി ഇയാള്‍ വകവരുത്തിയെന്ന് പോലീസ് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 1999 മുതല്‍ 2005 വരെ ഇയാള്‍ ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിലായി 16 പേരെ കൂടി വകവരുത്തിയതായി വ്യാഴാഴ്ച പോലീസ് വെളിപ്പെടുത്തുകയായിരുന്നു. അഞ്ച് കേസുകള്‍ കൂടി പരിശോധിച്ചുവരികയാണെന്നും അവയിലും വിഷാശാസ്ത്ര പഠനം പൂര്‍ത്തിയായാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂവെന്നും അന്വേഷണ സംഘം പറയുന്നു. നീല്‍സിനെതിരായ പുതിയ കുറ്റപത്രം അടുത്ത വര്‍ഷം ആദ്യം നല്‍കാനാകുമെന്ന് പ്രോസിക്യുഷന്‍ വ്യക്തമാക്കി.

നീല്‍സിന്റെ അരുംകൊലയുടെ രീതി ഇങ്ങനെ;

തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ നോക്കി മുഷിഞ്ഞ നീല്‍സ് അവരില്‍ വിഷാംശമടങ്ങിയ മരുന്ന് കുത്തിവയ്ക്കുകയായിരുന്നു. ഇത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയോ രക്തയോട്ടം തടഞ്ഞോ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. 2005ല്‍ നീല്‍സ് ഒരു രോഗിയില്‍ മരുന്ന് കുത്തിവയ്ക്കുന്നത് മറ്റൊരു നഴ്സ് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ രോഗി രക്ഷപ്പെട്ടിരുന്നു. കൊലപാതക ശ്രമത്തിന് നീല്‍സിനെ 2008ല്‍ കോടതി കുറ്റക്കാരനായി കണ്ടെത്തുകയും ഏഴര വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.

തന്‍റെ അമ്മയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ഒരു യുവതി നീല്‍സിനെതിരെ പരാതി നല്‍കിയതോടെയാണ് വിശദമായ അന്വേഷണം നടന്നത്. നിരവധി രോഗികളെ നീല്‍സ് കൊന്നൊടുക്കിയതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. എന്നാല്‍ എത്ര പേരെ കൊന്നുവെന്ന് നീല്‍സിന് പോലും അറിയില്ലായിരുന്നു . നീല്‍സ് ഡ്യൂട്ടിയിലുണ്ടായിരുന്ന കാലത്ത് നടന്ന ഉയര്‍ന്ന നിരക്കിലുളള ദുരൂഹ മരണങ്ങളില്‍ നടപടിയെടുക്കാന്‍ വൈകിയതില്‍ ആശുപത്രിയിലെ ഉന്നതരും പ്രത്യേക വിചാരണ നേരിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here