ഭരിക്കാന്‍ സമയം നല്‍കുക

0
45

ഏതു കാര്യത്തിനായാലും സര്‍ക്കാരിനെ കടന്നാക്രമിക്കുക എന്ന നിലപാടാണ് നാളിതുവരെയുള്ള എല്ലാ പ്രതിപക്ഷങ്ങളും സ്വീകരിച്ചിട്ടുള്ളത്.അതില്‍ ഇടതു- വലതു പക്ഷമില്ല.പൊതുജനങ്ങള്‍ക്ക് ഗുണകരമായ കാര്യമായാലും ഗുണകരമല്ലാത്ത കാര്യമായാലും സര്‍ക്കാര്‍ നിലപാടുകളെ കണ്ണുമടച്ച് എതിര്‍ക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വമാണ് എന്ന കാഴ്ചപ്പാടായിരുന്നു മാറി-മാറി വന്നിട്ടുള്ള എല്ലാ പ്രതിപക്ഷങ്ങളും സ്വീകരിച്ചത്.

കാലകരണപ്പെട്ടതും ജീര്‍ണ്ണിച്ചതുമായ പഴയ നിലപാടുകള്‍ പലതും,പലരും മാറ്റികൊണ്ടിരുന്ന കാലഘട്ടമാണിത്.പണ്ടൊരു മഹര്‍ഷിയോ സൈദ്ധാന്തികനോ നേതാവോ പറഞ്ഞതുകൊണ്ട്,അത് ഇപ്പോഴും പൂര്‍ണ്ണമായി ശരിയാവണമെന്നില്ല.മാര്‍ക്‌സിസത്തില്‍ പോലും തിരുത്തലുകള്‍ നടത്തികൊണ്ടിരിക്കുന്നു.സിന്ധാന്തവും പ്രയോഗവും കാലഘട്ടത്തിന്‍റെ,മാറ്റത്തിന്‍റെ തോതിന് അനുസരിച്ച് മാറ്റം വരുത്തികോണ്ടിരുന്നു.കാറല്‍ മാര്‍ക്‌സും ഗാന്ധിജിയും വിമര്‍ശനങ്ങള്‍ക്ക് അധീതരല്ലായെന്ന് ഇന്നത്തെ ചരിത്ര-രാഷ്ടീയ വിദ്യാര്‍ത്ഥികള്‍ അടിവരയിട്ടു പറയുന്നു.

ഈ സാഹചര്യത്തിലാണ് കാലങ്ങളായി പ്രതിപക്ഷം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച് കൈമാറിവന്ന എന്തിനെയും എതിര്‍ക്കുക എന്ന കാലപഴക്കം വന്ന ശൈലിയില്‍ നിന്നും മാറി ചിന്തിക്കണമെന്ന് പറയേണ്ടിവന്നത്.
ഇത്രയും പറഞ്ഞത് സര്‍ക്കാരിന്‍റെ നയങ്ങളെയും പരിപാടികളെയും കണ്ണുമടച്ച് അനുകൂലിക്കണമെന്നല്ല.ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍,അതിന് പിന്‍തുണ നല്‍കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം.എന്നാല്‍ ജനങ്ങള്‍ക്കു ദ്രോഹകരമായതാണ് സര്‍ക്കാര്‍ കോണ്ടുവരുന്നതെങ്കില്‍ അതിനെ അതിരുക്ഷമായ എതിര്‍ക്കുകയും സമരം ചെയ്യേണ്ടതുണ്ടങ്കില്‍ അതും ആലോചിക്കേണ്ടതും പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വമാണ്.

ഒരു മാസം മാത്രം പ്രായമായ ഒരു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള കാലമായിട്ടില്ല. ആയതിനാല്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മ്മം നിരീക്ഷിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്യേണ്ടത്.ഇങ്ങനെയുള്ള ഒരു നിലപാടാണ് ഒരു വര്‍ഷം വരെ പ്രതിപക്ഷം സ്വീകരിക്കേണ്ടതാണ്.എങ്കില്‍ മാത്രമേ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി വിലയിരുത്താന്‍ കഴിയൂ.

പല കാര്യങ്ങിലും പ്രത്യേകിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുവാനും പ്രതിപക്ഷത്തിനു കഴിയണം.പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാനുമുള്ള സന്‍മനസ്സ് സര്‍ക്കാരും കാണിക്കണം.എങ്കില്‍ മാത്രമേ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയൂ.വരുന്ന ഒരു വര്‍ഷം അനാവശ്യമായ ബഹളങ്ങളും സമരങ്ങളും ഒഴിവാക്കി കേരളത്തിന്‍റെ പൊതു നന്മയ്ക്കായി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോര്‍ത്ത് മുന്നോട്ട് പോകണം.

കിളിമാനൂര്‍ നടരാജന്‍