മഹിളാ സംഘടനകളും ദളിത്സംഘടനകളും എവിടെ?

0
53

കേരളത്തില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിനി ക്രൂരമായി കൊലചെയ്യപ്പെട്ടു. മറ്റൊരു ദളിത് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി റാഗിംഗ് ചെയ്തു.വേറൊരു യുവതിയെ ബലാല്‍സംഗം ചെയ്തു. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്‍ഡ്യയില്‍ എവിടെയെങ്കിലും ചിലപ്പോള്‍ ലോകത്തുതന്നെ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുകയോ പീഡിപ്പിച്ച് കൊലപ്പെടുത്തുകയോ ചെയ്താല്‍ കേരളത്തിലെ പുരോഗമന സംഘടനകള്‍ എന്നവകാശപ്പെടുന്നു മഹിളാ സംഘടനങ്ങള്‍ സമരങ്ങളുടെ വേലിയേറ്റം തന്നെ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ പെരുമ്പാവൂരില്‍ ജിഷ കൊലപ്പെട്ട സംഭവത്തിലും കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജിലെ നഴ്‌സിനെ ബലാല്‍സംഗം ചെയ്ത സംഭവത്തിലും കര്‍ണ്ണാടകയില്‍ ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ക്രൂരമായി റാഗിംഗ് ചെയ്യപ്പെട്ടതിലും മഹിള സംഘടനങ്ങള്‍ തണുപ്പന്‍ സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട ജിഷയും റാഗിംഗിന് ഇരയായ പെണ്‍കുട്ടിയും ദളിത് സമുദായത്തില്‍പ്പെട്ട വരായിരുന്നിട്ടും ദളിത് സംഘടങ്ങളുടെ പ്രതികരണവും തണുപ്പന്‍ മട്ടിലാണ്. ഒരു പ്രബല ദളിത്സംഘടന ആരോപണവിധേയനായ ഉന്നത രാഷ്ട്രീയ നേതാവിനെ വെള്ള പൂശാനാണ് ശ്രമിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങളാവട്ടെ ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതും.
ജിഷാവധകേസിലെ പിടിക്കപ്പെട്ട പ്രതിയെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ കൂടിവരികയാണ്. എഴുത്തുകാരായ സാറാജോസഫും കെ.അജിതയും ഉഷഎസ്.നായരും പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. ജിഷയെ കൊന്നതോ കൊല്ലിച്ചതോ എന്ന ചോദ്യം വരുന്ന നാളുകളില്‍ വലുതായി വന്നേക്കാമെന്ന് ഉഷാ.എസ്.നായരുടെ ശക്തമായ പ്രതികരണം വന്നു കഴിഞ്ഞു. ഇവനെ (അമീറുല്‍) രക്ഷിക്കാനാണോ കുറുപ്പം പടി പോലീസുകാര്‍ ജിഷയുടെ മരണം നാല്നാള്‍മൂടിവെച്ചതും മൃതദേഹം കത്തിച്ച് തെളിവു നശിപ്പിച്ചതും എന്ന സംശയമാണ് കെ.അജിത.പങ്കുവക്കുന്നത് കൊലനടന്ന സ്ഥലം സംരക്ഷിക്കാതെ തെളിവു നശിപ്പിച്ചത് ഈ അസംകാരന്‍ തൊഴിലാളിക്കുവേണ്ടിയായിരുന്നോ? അയാള്‍ വാടക കൊലയാളി ആയിക്കൂടേ? ഈ ചോദ്യങ്ങള്‍ അജിതയുടേതു മാത്രമല്ല കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍കൂടിയാണ് . അഭയയുടെ കൊലപാതകം പോലെ മതനേതാക്കളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്ന ബലാല്‍സംഗം കൊലപാതകക്കേസുകള്‍ ഒരിക്കലും തെളിയുകയില്ലയെന്ന് സാറാജോസഫ് പറയുന്നു.

അഭയ കൊലകേസിലെ പ്രതികളെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടി ഒറ്റയാന്‍ പടനയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ജിഷ വധവുമായി ബന്ധപ്പെട്ട് ഒരു ഉന്നത രാഷ്ട്രീയ നേതാവിന്‍റെയും മകന്‍റെയും പേര് പുറത്തുവിട്ടത്.’കണ്ടു പിടിക്കാനാകാത്ത കുറ്റകൃത്യങ്ങള്‍ പുരാണങ്ങളിലേ ഉണ്ടാവു പക്ഷേ വലിയൊരു ശതമാനം കേസുകള്‍ തെളിയിക്കപ്പെടാതെയും കിടക്കുന്നു. അതിനുള്ള കാരണങ്ങള്‍ സാമ്പത്തികമോ രാഷ്ട്രീയമോ ആകാം. തെളിയിക്കപ്പെടരുത് എന്ന ബാഹ്യഇടപെടല്‍ അന്വേഷകരില്‍ താല്പര്യക്കുറവു സൃഷ്ടിക്കുന്നു.സത്യാന്വേഷണത്തിനായി പ്രകൃതി ഒരുക്കിയിരിക്കുന്ന വിചിത്ര മാര്‍ഗങ്ങള്‍ ആദരവുണ്ടാക്കുന്നു -ഡോ. മുരളീകൃഷ്ണ(മുന്‍കുറ്റാന്വേഷകന്‍)
വാര്‍ത്താ പ്രാധാന്യം ലഭിക്കാത്ത നൂറുകണക്കിന് കൊലപാതകങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. വനിതാസംഘടനകളും ദളിത്സംഘടനകളും സ്വീകരിച്ചിരിക്കുന്നത് കുറ്റകരമായതണുപ്പന്‍ സമീപനമാണ്.

                                                                                                                                                                  കിളിമാനൂര്‍ നടരാജന്‍