ലോകത്തിലെ അതിമനോഹരമായ സ്ഥലങ്ങളില്‍ ഇന്ത്യന്‍ സിനിമ

0
28

ലോകത്തിലെ തന്നെ അതിമനോഹരമായ സ്ഥലങ്ങളില്‍ വച്ച് ചിത്രീകരണം നടത്തുന്നതില്‍ ഇന്ത്യന്‍ സിനിമ ഒട്ടും പിന്നിലല്ല. പ്രത്യേകിച്ച് ബോളിവുഡ്. പ്രമേയത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി അതിനനുയോജ്യമായ വിദേശലൊക്കേഷനുകള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ മടികാണിക്കാറില്ല. മനോഹരങ്ങളായ ലൊക്കേഷനുകളില്‍ വച്ച് ചിത്രീകരിച്ച നിരവധി ചലച്ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തിയ വര്‍ഷമായിരുന്നു 2015. ഉത്തരേന്ത്യയുടെ മലമ്പ്രദേശങ്ങളിലെ ചെറുപട്ടണങ്ങള്‍ തൊട്ട് പാകിസ്ഥാന്‍ വരെ കഴിഞ്ഞവര്‍ഷം ബോളിവുഡ് ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായി. ദില്‍ ധഡക്‌നേ ദോ, ദം ലഗാ കേ ഹൈഷാ, ബജ്‌റംഗി ഭായ്ജാന്‍ എന്നിവ ആ പട്ടികയില്‍ ശ്രദ്ധേയസ്ഥാനം അലങ്കരിക്കുന്നു. കഴിഞ്ഞവര്‍ഷത്തേ പോലെ തന്നെ ഇത്തവണയും പ്രേക്ഷകനെ ലോകത്തിന്‍റെ ഭംഗി കാണിക്കുന്ന ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്നുണ്ട്.ചലച്ചിത്ര പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കരണ്‍ ജോഹര്‍ ചിത്രമായ ‘ഏയ്‌ ദില്‍ ഹേ മുശ്കിലി’ന്‍റെ പ്രധാന ലൊക്കേഷന്‍ ലണ്ടന്‍, പാരീസ്, വിയന്ന എന്നിവിടങ്ങളിലാണ്. രണ്‍ബീര്‍ കപൂര്‍, സെയ്ഫ് അലി ഖാന്‍ ഐശ്വര്യാ റായ് ബച്ചന്‍, അനുഷ്‌കാ ശര്‍മ, ഫവാദ് ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
പച്ചപ്പ് നിറഞ്ഞ കുന്നുകളാണ് തമിഴ്‌നാട്ടിലെ കൂനൂരിന്റെ പ്രത്യേകത. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുണ്ടെങ്കിലും ‘കപൂര്‍ ആന്‍ഡ് സണ്‍സ്’ എന്ന ബോളിവുഡ് ചിത്രത്തിത്തിലൂടെ കൂനൂരിന്‍റെ ഭംഗി മറ്റൊരു തലത്തിലേക്കെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയാ ഭട്ടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശുതോഷ് ഗവാരിക്കറുടെ ഇതിഹാസകാവ്യമായ ‘മോഹന്‍ജോ ദാരോ’ യുടെ പ്രധാന ലൊക്കേഷന്‍ ഭുജ് ആണ്. ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ നായകനാവുന്നത്.
റോക്ക് ഓണിന്റെ രണ്ടാം പതിപ്പിന്റെ പശ്ചാത്തലം ഷില്ലോംഗാണ്. അര്‍ജുന്‍ രാംപാല്‍, ഫര്‍ഹാന്‍ അക്തര്‍, ശ്രദ്ധ കപൂര്‍, പ്രാചി ദേശായി മുതലായവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഗീത രീതികളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ജോണ്‍ എബ്രഹാം-വരുണ്‍ ധവാന്‍ ടീമിന്റെ ‘ഡിഷൂ’മിന്റെ പശ്ചാത്തലത്തില്‍ അബുദാബിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.