ലോക മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ ഇനി ഇന്ത്യയും

0
30

ന്യൂഡല്‍ഹി: ആണവ സാമഗ്രി വിതരണ സംഘത്തില്‍ അംഗത്വത്തിന്‌ തിരിച്ചടി നേരിട്ടെങ്കിലും മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണഗ്രൂപ്പില്‍(എം.ടി.സി.ആര്‍) ഇന്ത്യക്ക് അംഗത്വം ലഭിച്ചു. സംഘടനയുടെ ഒക്ടോബറില്‍ നടക്കുന്ന യോഗത്തിലും തുടര്‍ന്നുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലും ഇന്ത്യക്ക് പങ്കെടുക്കാനാകും. സംഘടനയുടെ 35ാമത് അംഗമായി ഇന്ത്യയെ തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നുവെന്നായിരുന്നു പ്രസ്താവന നെതര്‍ലാന്‍ഡിലെ ഹോഗില്‍ സംഘടനയുടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയുടെ അംഗത്വം ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.അംഗത്വം പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കകം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ നെതര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ അംബാസിഡര്‍മാരുമായി ചര്‍ച്ച നടത്തി.ഗ്രൂപ്പില്‍ അംഗത്വം ലഭിച്ചതോടെ മിസൈല്‍ സാങ്കേതികവിദ്യാ കയറ്റുമതിസംഘങ്ങളായ എന്‍.എസ്.ജി, ആസ്‌ത്രേലിയ ഗ്രൂപ്പ്, വാസെനര്‍ അറേഞ്ച്‌മെന്റ് എന്നിവയിലേക്ക് പ്രവേശനം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.2008ല്‍ ഇന്ത്യ- അമേരിക്ക ആണവ കരാര്‍ ഒപ്പിട്ടതു മുതലാണ് എം.ടി.സി.ആറില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമം ആരംഭിച്ചത്്. ആണവ ബാദ്ധ്യത നിയമത്തിന് സന്നദ്ധത പ്രകടിപ്പിച്ചതോടെ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുടെ പിന്തുണ ഉറപ്പിച്ചിരുന്നു.34 അംഗ എം.ടി.സി.ആര്‍ ഗ്രൂപ്പിലെ അംഗത്വത്തിന് കഴിഞ്ഞവര്‍ഷം ജൂണിലും ഒക്ടോബറിലും ഇന്ത്യ ശ്രമിച്ചെങ്കിലും കടല്‍ക്കൊലക്കേസിന്റെ കാര്യം മുന്‍നിര്‍ത്തി ഇറ്റലി എതിര്‍പ്പ് ഉന്നയിക്കുകയായിരുന്നു. ഇറ്റാലിയന് നാവികര്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കിയതിലൂടെ ഇറ്റലിയുടെ നിലപാട് അനുകൂലമായി. അതേസമയം ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ എതിര്‍ത്ത ചൈനക്ക് എം.ടി.സി.ആറില്‍ അംഗത്വമില്ല.. 2004 ലെ ചൈനയുടെ അംഗത്വത്തിനുള്ള അപേക്ഷ നിരാകരിക്കപ്പെട്ടിരുന്നു.