വിജയം തുടരാന്‍ റെനോ കാപ്ച്ചര്‍ ‍; വില 9.99 ലക്ഷം

0
114

 

ഏറെ ആവശ്യക്കാരുള്ള കോംപാക്‌ട് എസ്.യു.വി ശ്രേണിയിലേക്ക് പുതിയ മോഡലായ കാപ്ചര്‍ റെനോ ഔദ്യോഗികമായി പുറത്തിറക്കി. ചെറു ഹാച്ച്‌ബാക്ക് ക്വിഡും തലമുതിര്‍ന്ന ഡസ്റ്ററും നല്‍കിയ വിജയക്കുതിപ്പ് കാപ്ച്ചറിലും തുടരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഫ്രഞ്ചുകാരായ റെനോയ്ക്ക് മികച്ച അടിത്തറ നല്‍കിയ മോഡലാണ് കാപ്ച്ചര്‍. ഇതുവരെ പത്തു ലക്ഷത്തിലേറെ മോഡലുകള്‍ ചൂടപ്പംപോലെ വിറ്റഴിച്ചിട്ടുണ്ട്. അതേസമയം ഗ്ലോബല്‍ സ്പെക്ക് അല്‍പം മാറ്റങ്ങളോടെയാണ് ഇന്ത്യയില്‍ മുഖംകാണിക്കുന്നത്. ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോംപസ് എന്നിവയാണ് ഇവിടെ കാപ്ച്ചറിന്റെ പ്രധാന എതിരാളികള്‍.

9.99 ലക്ഷം രൂപ മുതല്‍ 13.88 ലക്ഷം വരെയാണ് കാപ്ച്ചറിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. ഡസ്റ്റര്‍ എസ്.യു.വിയുടെ അതേ BO പ്ലാറ്റ്ഫോമിലാണ് കാപ്ച്ചറിന്റെ നിര്‍മാണം. എന്നാല്‍ റെനോ നിരയില്‍ ഡസ്റ്ററിന് തൊട്ടുമുകളിലാണ് വാഹനത്തിന്റെ സ്ഥാനം. അതായത് ഇനി ഇന്ത്യയില്‍ റെനോയുടെ ഫ്ളാഗ്ഷിപ്പ് മോഡലായിരിക്കും കാപ്ച്ചര്‍. റെനോ നിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രാദേശികമായാണ് കാപ്ച്ചറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
വീതിയേറിയ ഗ്രില്‍, സി ഷേപ്പ്ഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പര്‍, 7 ഇഞ്ച് ടച്ച്‌ സ്ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം എന്നിവയാണ് ക്യാപ്ച്ചറിന്റെ പ്രധാന പ്രത്യേകതകള്‍. ഡ്യൂവല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം-ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് ക്ണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍ തുടങ്ങി സുരക്ഷാ സന്നാഹങ്ങളും കാപ്ച്ചറിലുണ്ട്.

4329 എംഎം നീളവും 1813 എംഎം വീതിയും 1619 എംഎം ഉയരവും 2673 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. സെഗ്മെന്റില്‍ നീളവും വീതിയും ഏറ്റവും കൂടുതല്‍ കാപ്ച്ചറിനാണ്. 387 ലിറ്ററാണ് ബുട്ട് സ്പേസ് കപ്പാസിറ്റി, പിറകിലെ സീറ്റ് മടക്കിയാല്‍ 1352 ലിറ്റര്‍ വരെ ബൂട്ട് സ്പേസ് വര്‍ധിപ്പിക്കാം.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 5600 ആര്‍പിഎമ്മില്‍ 104.5 ബിഎച്ച്‌പി കരുത്തും 142 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 1.5 ലിറ്റര്‍ K9K ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്‌പി കരുത്തും 1750 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും നല്‍കും. ടൂ വീല്‍ ഡ്രൈവില്‍ 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. മൂണ്‍ലൈറ്റ് സില്‍വര്‍, കയെന്‍ ഓറഞ്ച്, മഹാഗണി ബ്രൗണ്‍, പ്ലാനറ്റ് ഗ്രേ, പേള്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുക. ഇതിന് പുറമേ ഏഴ് ഡ്യുവല്‍ ടോണ്‍ കോമ്ബിനേഷനിലും കാപ്ച്ചര്‍ സ്വന്തമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here