ശ്രീലങ്കയ്‌ക്ക് എക്‌സ്‌പ്രസ് വേ റോഡ് നിര്‍മ്മാണത്തിന് സഹായവുമായി ചൈന

0
68

ബീജിംഗ്: ശ്രീലങ്കയ്‌ക്ക് എക്‌സ്‌പ്രസ് വേ റോഡ് നിര്‍മ്മാണത്തിനായി 100 കോടി ഡോളറിന്‍റെ സഹായ ഹസ്‌തവുമായി ചൈന. കഴിഞ്ഞ ദിവസം ചൈനീസ് അംബാസിഡറുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഘ നടത്തിയ ചര്‍ച്ചയിലാണ് റോഡ് പദ്ധതി പ്രാവര്‍ത്തികമായത്. എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഒഫ് ചൈനയാണ് പദ്ധതിക്കായുള്ള പണം നല്‍കുന്നത്. വിദേശ നിക്ഷേപത്തിന്‍റെ അഭാവത്താല്‍ രണ്ട് വര്‍ഷമായി മുടങ്ങി കിടന്ന കൊളംബോ- കാന്‍ഡി പാതയ്‌ക്കാണ് ഇതോടുകൂടി പുനര്‍ജീവന്‍ വയ്‌ക്കുന്നത്.
കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ശ്രീലങ്കയ്‌ക്ക് ഏറ്റവും കൂടുതല്‍ ധന സഹായം നല്‍കുന്ന വിദേശ ശക്‌തി ചൈനയാണ്. മഹിന്ദ രാജപക്‌സെയുടെ ഭരണകാലത്ത് നിരവധി റോഡ്, റെയില്‍വേ, തുറമുഖ പദ്ധതികള്‍ക്ക് ചൈന സഹായം നല്‍കിയിരുന്നു. എന്നാല്‍ വിക്രമസിംഘ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായ അഴിമതി ആരോപണങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍ ആധിപത്യം സ്ഥാപിച്ച്‌ ദ്വീപ് രാജ്യത്തില്‍ നിലവില്‍ ഇന്ത്യക്കുള്ള സ്വാധീനം മറികടക്കുക എന്ന ലക്ഷ്യമാണ് ചൈനയുടെ ലക്ഷ്യത്തിന് പിന്നിലെന്നാണ് നയതന്ത്ര വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ ചരക്ക് ഗതാഗത വിനിമയത്തില്‍ നിര്‍ണായക സ്ഥാനമാണ് കൊളംബോ തുറമുഖത്തിനുള്ളത്. ഇവിടെ ആധിപത്യം സ്ഥാപിച്ച്‌ ഇന്ത്യന്‍ മഹാസമുദ്രത്തെ കൈപ്പിടിയിലൊതുക്കുകയാണ് ചൈന ലക്ഷ്യമിടുന്നത്. ഇതുകൂടാതെ ശ്രീലങ്കയില്‍ 60നിലകളുള്ള വ്യാപാര സമുച്ചയ നിര്‍മ്മാണത്തിനും ചൈന പദ്ധതിയിടുന്നുണ്ട്. 2014ല്‍ ഷീ ജിന്‍ പിംഗിന്‍റെ ശ്രീലങ്കന്‍ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയായിരുന്നു ഇതെങ്കിലും ശ്രീലങ്കയില്‍ ഭരണം മാറയതോടെ ഇത് മാറ്റി വയ്‌ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here