സന്നാഹ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് വിജയം

0
367

ലണ്ടന്‍: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ തകര്‍ത്തു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്‍റെ വിജയം. പരിക്കുമാറി സൂപ്പര്‍താരം നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചുവന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. കളിയുടെ 69-ാം മിനിറ്റില്‍ നെയ്മറും പരിക്കു സമയത്ത് റോബര്‍ട്ടോ ഫിര്‍മിനോയും ബ്രസീലിനുവേണ്ടി ക്രൊയേഷ്യന്‍ ഗോള്‍വല ചലിപ്പിച്ചു. പകരക്കാരനായി ഇറങ്ങിയ നെയ്മര്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. വേഗതയും ഡ്രിബ്ലിങ് മികവും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതുകൂടിയായി നെയ്മറുടെ ഗോള്‍. ക്രൊയേഷ്യന്‍ ഗോള്‍മുഖത്തുവെച്ച്‌ മൂന്നു പ്രതിരോധനിരക്കാരെ വെട്ടിച്ചാണ് താരത്തിന്‍റെ ഗോള്‍. നെയ്മറുടെ പ്രകടനമികവ് ലോകകപ്പിനൊരുങ്ങുന്ന ബ്രസീലിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. പി.എസ്.ജിയിയില്‍ കളിക്കുമ്ബോള്‍ പരിക്കേറ്റ നെയ്മര്‍ ഫിബ്രുവരി മുതല്‍ കളത്തിന് പുറത്തായിരുന്നു. നെയ്മര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് ആവേശം പകരുന്ന കാഴ്ചയായി. അതേസമയം, ബ്രസീലിന്റെ പ്രതിരോധത്തിലെ പിഴവുകള്‍ തുറന്നുകാട്ടുന്നതായി മത്സരം. ഭാഗ്യംകൊണ്ടും ഗോള്‍ കീപ്പറുടെ മിന്നുന്ന പ്രകടനം കൊണ്ടുമാണ് ബ്രസീല്‍ ഗോള്‍ വഴങ്ങാതിരുന്നത്. മുന്നേറ്റനിര അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും ബ്രസീലിന് തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here