സൗദി: പുതിയ ചരിത്രമെഴുതി പാത്രിയാര്‍ക്കീസ് തലവന്‍

0
39

 

റിയാദ്: ചരിത്രം തിരുത്തിക്കുറിച്ച്‌ സൗദി സന്ദര്‍ശനത്തിനെത്തിയ ലബനാനിലെ കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസ് തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍ റായിക്ക് സല്‍മാന്‍ രാജാവ് കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. ലബനാനും സൗദിയുമായുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്ത ഇരുവരും മതങ്ങള്‍ തമ്മില്‍ സ്നേഹത്തോടെയും സഹവര്‍ത്തിത്തത്തോടെയും കഴിയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച്‌ എത്തിയ കര്‍ദിനാള്‍ ബിഷാറ കിരീടാവകാശി മുഹമ്മദ് സല്‍മാനെയും സന്ദര്‍ശിച്ചു.
ചര്‍ച്ചകളില്‍ സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്, വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍, ഗള്‍ഫ് കാര്യമന്ത്രി താമില്‍ അല്‍ സുബ്ഹാന്‍ തുടങ്ങിയവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ലബനന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് സാദ് അല്‍ ഹരീരി രാജി വച്ചതും വിഷയമായി. പുതിയ സാഹചര്യം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കില്ലെന്നും ഇക്കാര്യം സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് അദ്ദേഹം ലബ്നാനില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, രാജിവച്ച ഹരീരി വീണ്ടും പ്രധാനമന്ത്രിയാവാന്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. താന്‍ രാജിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്ത് അവ പരിഹരിക്കപ്പെടുന്ന പക്ഷം രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സൗദിയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച്‌ റിയാദ് വിമാനത്താവളത്തിലെത്തിയ പാത്രിയര്‍ക്കീസ് അധ്യക്ഷന് സൗദി മന്ത്രി താമിര്‍ അല്‍സുബ്ഹാനും മറ്റ് ഉന്നതരും ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. സൗദി സന്ദര്‍ശിക്കുന്ന ആദ്യ ക്രൈസ്തവ സഭാ മേലധ്യക്ഷനാണ് അന്ത്യോഖ്യ സിറിയന്‍ മരോനൈറ്റ് സഭയുടെ തലവനായ അല്‍റായി. പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഏക അറബ് കര്‍ദിനാളാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here