2016 ല്‍ മികച്ച തുടക്കവുമായി ഹോണ്ട

0
175

കൊച്ചി: പുതുവര്‍ഷത്തില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടേഴ്സ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 2016 ജനുവരിയില്‍ രണ്ട് ലക്ഷം യൂനിറ്റ് വിറ്റ ഏക ഇരുചക്രവാഹന മോഡല്‍ ഹോണ്ടയുടെ ആക്റ്റിവയാണ്. രാജ്യത്ത് കഴിഞ്ഞ അഞ്ച് മാസങ്ങളിലും ഏറ്റവും കൂടുതല്‍ വിറ്റ ഇരുചക്ര വാഹനവും ആക്റ്റിവയാണ്.
ജനുവരിയില്‍ ആക്റ്റിവയുടെ വില്‍പ്പന 2,10,123 യൂനിറ്റുകളായിരുന്നു. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇതര കമ്പനിയുടെ മോഡലിനേക്കാളും നാലിരട്ടിയാണ് ജനുവരിയില്‍ ആക്റ്റിവയുടെ വില്‍പന. ഏപ്രില്‍ മുതല്‍ ജനുവരിവരെയുള്ള നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് മൊത്തം വില്‍പ്പനയായ ഇരുചക്രവാഹനങ്ങളുടെ 30% ഓട്ടോമാറ്റിക് സ്കൂട്ടറുകളായിരുന്നു.

ആക്റ്റിവയുടെ മികച്ച പ്രടനമാണ് മുന്‍ വര്‍ഷത്തേതിനേക്കാളും രണ്ട് ശതമാനം വര്‍ധിച്ച് 30% ല്‍ എത്താന്‍ സഹായിച്ചത്. ഡിമാന്‍റ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹോണ്ടയുടെ നാല് പ്ലാന്‍റുകളിലും (ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്) ആക്റ്റിവ ഉത്പാദിപ്പിച്ചു വരുന്നു.
ഹോണ്ടയുടെ ഈയിടെ വിപണിയിലെത്തിയ 110 സിസി ബൈക്കായ ലിവോയുടെ വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 മോഡലുകളില്‍ ലിവോ സ്ഥാനം പിടിച്ചിരിക്കുകയാണിപ്പോള്‍. 110 സിസി മോട്ടോര്‍ ബൈക്ക് വിപണിയില്‍ 6 % തകര്‍ച്ച അനുഭവപ്പെട്ട സാഹചര്യത്തിലാണ് ലിവോ വന്‍ മുന്നേറ്റം കാഴ്ചവെച്ചത്.

125 സിസി മോട്ടോര്‍ സൈക്കിള്‍ സീബി ഷൈനിന്‍റെ വില്‍പ്പന ജനുവരിയില്‍ 23% വര്‍ധിച്ച് 76,562 യൂനിറ്റുകളായി. ഈ വിഭാഗത്തില്‍ ഹോണ്ടയുടെ വിപണി വിഹിതം ഇപ്പോള്‍ 46 ശതമാനമാണ്. 2016 ഹോണ്ടയെ സംബന്ധിച്ചേടത്തോളം ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) വൈ.എസ്. ഗൂലേറിയ പറഞ്ഞു.

കമ്പനിയുടെ നാലാമത് ഫാക്റ്ററി ഗുജറാത്തില്‍ കഴിഞ്ഞ മാസം പ്രവര്‍ത്തനമാരംഭിച്ചു. സ്കൂട്ടര്‍ മാത്രം നിര്‍മിക്കുന്ന ഹോണ്ടയുടെ പ്രഥമ പ്ലാന്‍റാണിത്. ഇന്ത്യയിലെ സ്കൂട്ടര്‍ വിപണി കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായകമാവും. ഇപ്പോള്‍ ഹോണ്ടയുടെ വാര്‍ഷിക ഇരുചക്രവാഹന ഉത്പാദന ശേഷി നാല് പ്ലാന്‍റുകളിലുമായി 58 ലക്ഷമായിട്ടുണ്ട്.