എടിഎം ഉപയോഗത്തിനുള്ള സൗജന്യ സര്‍വീസ് ചാര്‍ജ് ബാങ്കുകള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതം കുറയുന്നതിന് മുന്‍പേ, എടിഎം ഉപയോഗത്തിനും കാര്‍ഡുപയോഗിക്കുമ്ബോഴുള്ള സര്‍വീസ് ചാര്‍ജിനും ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ സേവനം ബാങ്കുകള്‍ പിന്‍വലിച്ചു. ഒരു മാസം അഞ്ചുതവണയില്‍ക്കൂടുതല്‍ മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം ഉപഭോക്താവിന് നഷ്ടപ്പെടും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കിത്തുടങ്ങി.
നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിന് മുമ്ബ് എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐ.സിഐസി.ഐ തുടങ്ങിയ ബാങ്കുകള്‍ അഞ്ചില്‍ക്കൂടുതല്‍ വരുന്ന എടിഎം ഇടപാടുകള്‍ക്ക് 15 രൂപ വീതമാണ് ഈടാക്കിയിരുന്നത്. മറ്റു ബാങ്കുകള്‍ 20 രൂപ വീതവും. ഇത്തരം എടിഎം ഫീ ഏര്‍പ്പെടുത്താനുള്ള അധികാരം ബാങ്കുകളില്‍ നിഷിപ്തമായതിനാലാണ് റിസര്‍വ് ബാങ്കിനോ കേന്ദ്ര സര്‍ക്കാറിനോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലാത്തത്.

ഡെബിറ്റ് കാര്‍ഡുവഴിയുള്ള ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരുന്നെങ്കിലും പല വ്യാപാരികളും ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നില്ല. മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ആയിരം രൂപവരെയുള്ള ഇടപാടുകള്‍ക്ക് 0.5 ശതമാനവും 2000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് 0.25 ശതമാനവുമാക്കി റിസര്‍വ് ബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ ഡിസ്കൗണ്ട് വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നതാണ് സര്‍വീസ് ചാര്‍ജ് ഒഴിവാക്കാതിരിക്കുന്നതിനുള്ള കാരണം.

Comments are closed, but trackbacks and pingbacks are open.