ജാതി മതം രാഷ്ട്രീയം
ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരുപറഞ്ഞ് വോട്ട് ചോദിക്കുന്നത് നിയമ വിരുദ്ധവും ആഴിമതിയുടെ നിര്‍വചനത്തില്‍ വരുന്നതുമാണെന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. ഇത് ചൂഷണം ചെയ്ത് വോട്ടുനേടി വിജയിച്ചുവന്നാലും ആ തെരഞ്ഞെടുപ്പ് അസാധുവാക്കുമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
സുപ്രീം കോടതി വിധിയെ പൊതുവില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സ്വാഗതം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും മതേതരസ്വത്തില് അടിയുറച്ചുള്ളതായിരിക്കണമെന്ന കാര്യത്തിലും ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയാണ്. ഏതു മതത്തിന്റെ പേരില്‍ വേട്ട് നേടിയാലും അത് നിയമ വിരുദ്ധമാണെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ കയറാനുള്ള അവസരവും മോഹവും നിലനില്‍ക്കുന്നിടത്തോളം കാലം ആദര്‍ശ രാഷ്ട്രീയത്തില്‍ ഉറച്ചുനില്ക്കാനാവില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ജാതി സംഘടനകളെയും മത സംഘടനകളെയും കൂട്ടുപിടിക്കേണ്ടി വരുന്ന ദയനീയ കാഴ്ച എല്ലാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ജനങ്ങള്‍ കാണേണ്ടിവരുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതും മന്ത്രിമാരെ നിശ്ചയിക്കുന്നതും ജാതിയും മതവും പരിഗണിച്ചുകൊണ്ടാണ്. കേരള ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വകുപ്പു മന്ത്രിയായി പുറമേ നിന്ന് ഒരാള്‍ വന്നിട്ടുള്ളൂ. അത് കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയായിരുന്ന കരുണാകരന് ഏറ്റെടുക്കുകയാണുണ്ടായത്.
ജാതി-മത പരിഗണനയില്ലാതെ ജനാധിപത്യം സാധ്യമല്ലയെന്ന നിലയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ അധഃപതിക്കാന്‍ പാടില്ല. ജാതി-മത സംഘടനകള്‍ രാഷ്ട്രീയാധികാരത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ട് കുറേ കാലമായി. അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരു മുന്നണികള്‍ക്കും പലപ്പോഴും വഴങ്ങേണ്ടി വന്നിട്ടുണ്ട്.
ജാതിയിലും മതത്തിലും ഉറച്ചുനിന്നുകൊണ്ട് മനുഷ്യന് എത്രത്തോളം ചിന്തിക്കുകയും പറയുകയും ചെയ്യുന്നുവോ അത്രത്തോളം ജാതിയും മതവും ശക്തി പ്രപിക്കുകയേയുള്ളൂ. ഈ ജാതി-മത ചിന്ത എവിടെന്നിന്നുണ്ടായി?. മനുഷ്യന്റെ അജ്ഞതയില്‍ നിന്നാണെന്ന് പറയുന്നില്ല. കാരണം ഇന്ന് എല്ലാവരും പ്രബുദ്ധരാണെന്നാണ് പൊതുവേയുള്ള വിശ്വാസം. ഈ വിശ്വാസം ശരിയാവണമെന്നില്ല.
ജാതിയ്ക്കും മതത്തിനുമെതിരാണെന്ന് പറയുമ്പോള്‍തന്നെ ചില സാഹചര്യങ്ങളില്‍ ജാതിക്കും മതത്തിനും അനുകൂലമായി നില്‍ക്കേണ്ടിവരുന്ന അവസ്ഥ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വന്നുചേരുന്നുണ്ട്. അവര്‍ നിര്‍ബന്ധിതരായി തീരുകയാണെന്ന് വേണമെങ്കില്‍ പറയാം. അത് രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴി സൂഗമമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രപാടിന്റെ ഭാഗമായി വിലയിരുത്തപ്പെടുകയും ചെയ്തുകൊള്ളും.
ഔദ്ദ്യോദിക രേഖകയളില് നിന്ന് ജാതിയും മതവും ഒഴിവാക്കിയാല്‍ അതിന്റെ പേരില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരും. അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വേണ്ടെന്ന് വെയ്ക്കാന്‍ ആരും തയ്യാറാകുകയില്ല.
സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി ഒരു പരിധിവരെയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണുതുറപ്പിക്കുമെന്ന് നമുക്കാശിക്കാം.
കിളിമാനൂര്‍ നടരാജന്
എഡിറ്റര്‍
Comments are closed, but trackbacks and pingbacks are open.