ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അഴിമതിക്കേസില്‍ പൊലീസ് ചോദ്യംചെയ്തു

ജറുസലേം : അഴിമതിക്കേസില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ പൊലീസ് ചോദ്യംചെയ്തു. ജറുസലേമില്‍ പ്രധാനമന്ത്രിയുടെ വീട്ടിലെത്തിയാണ് അന്വേഷണസംഘം ചോദ്യംചെയ്തത്. ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടു. വ്യവസായികളില്‍നിന്ന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്ന് നിയമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സ്വദേശികളും വിദേശികളുമായ ബിസിനസുകാരില്‍നിന്ന് ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള പാരിതോഷികങ്ങള്‍ സ്വീകരിച്ചെന്നതാണ് നെതന്യാഹുവിനെതിരായ ആരോപണം. ഇത്തരത്തിലുള്ള നിരവധി അഴിമതിയാരോപണങ്ങളാണ് മാസങ്ങള്‍ക്കകം നെതന്യാഹുവിന്‍റെ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.

ജര്‍മനിയുമായുള്ള അന്തര്‍വാഹിനി വാങ്ങാനുള്ള ഇടപാട്, 2009ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ തുക നെതന്യാഹുവിന് നല്‍കിയെന്ന ഫ്രഞ്ച് കോടീശ്വരന്‍ അര്‍നോഡ് മിമ്രാന്‍റെ വെളിപ്പെടുത്തല്‍, സ്വകാര്യജോലി ചെയ്ത കരാറുകാരന് സര്‍ക്കാരില്‍നിന്ന് പണം നല്‍കിയത്, ബ്രിട്ടനിലേക്കുള്ള ഫ്ളൈറ്റില്‍ സ്വകാര്യകിടപ്പറയ്ക്കായി 1.27 ലക്ഷം ഡോളര്‍ ചെലവിട്ടത് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് നെതന്യാഹു നേരിടുന്നത്. എന്നാല്‍, ഇവയിലൊന്നും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. താന്‍ നിരപരാധിയാണെന്ന് ചോദ്യംചെയ്യലിനു മുമ്പ് നെതന്യാഹു അവകാശപ്പെട്ടു. ഇക്കാര്യം ആഘോഷമാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോടും രാഷ്ട്രീയ എതിരാളികളോടും അഭ്യര്‍ഥിച്ചു.

Comments are closed, but trackbacks and pingbacks are open.