പാര്‍ട്ടി സ്‌നേഹത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണമെന്ന് സംസ്ഥാന കൗണ്‍സിലില്‍

തിരുവനന്തപുരം: സിപിഐ മന്ത്രിമാര്‍ തികഞ്ഞ പരാജയമെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. സിപിഐ മന്ത്രിമാരുടെ ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം പ്രകടമല്ലെന്നും മന്ത്രിമാര്‍ കുറച്ചുകൂടി കാര്യൗരവത്തോടെ ഇടപെടാന്‍ പ്രാപ്തി നേടണമെന്നും യോഗം ആവശ്യപ്പെട്ടു. വി.പി ഉണ്ണികൃഷ്ണന്‍, ടി.വി ബാലന്‍, കെ.എസ് അരുണ്‍ തുടങ്ങിയവയാണ് യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. സി.എന്‍ ചന്ദ്രനെ കാറും ഓഫീസുമില്ലാതെ ബോര്‍ഡിന്‍റെ ചെയര്‍മാനായി നിയമിച്ചതും ഇവര്‍ ചൂണ്ടിക്കാട്ടി. സ്ഥാനം കൊടുക്കാതിരിക്കാം. എന്നാല്‍, കൊടുത്ത് അവഹേളിക്കരുതെന്നും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സ്‌നേഹത്തില്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണമെന്നും മുഖ്യമന്ത്രിയുടെ അത്രയും വന്നിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ അടുത്തു നില്‍ക്കുന്ന പ്രകടനമെങ്കിലും സിപിഐ മന്ത്രിമാര്‍ നടത്തണമെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു. സിപിഎമ്മിനോട് കാര്യങ്ങള്‍ പറയുന്നതില്‍ നേതൃത്വം പരാജയമാണെന്നും ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തില്‍ പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം പരിഗണനയും സ്ഥാനമാനങ്ങളും ലഭിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

Comments are closed, but trackbacks and pingbacks are open.