മുലായം സിങ് യാദവിനും അഖിലേഷ് യാദവിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

ന്യുഡല്‍ഹി: മുലായം സിങ് യാദവിനും മകനും യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനും സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. തങ്ങളെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് വേണ്ടി ഇരു വിഭാഗവും അവകാശവാദം ഉന്നയിച്ചിരുന്നു. ഇരുനൂറിലധികം എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അഖിലേഷ് യാദവിന്‍റെ അവകാശവാദം. എം.എല്‍.എമാരുടെ കത്ത് വാങ്ങി തന്‍റെ ഭൂരിപക്ഷം തെളിയിക്കാനാണ് അഖിലേഷിന്‍റെ ശ്രമം. അതിനിടെ അഖിലേഷ് യാദവിന് പിന്തുണ പ്രഖ്യാപിച്ച നാല് ജില്ലാ പ്രസഡിന്റുമാരെ പുറത്താക്കിയ നടപടി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പിന്‍വലിച്ചു. അഖിലേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. മുലായം സിങ് യാദവിനോട് അടുപ്പം പുലര്‍ത്തുന്ന സഹോദരന്‍ ശിവപാല്‍ യാദവാണ് ഇവരെ പുറത്താക്കിയത്. ജനുവരി ഒന്നിനാണ് ശിവപാല്‍ യാദവിനെ നീക്കം ചെയ്ത് യു.പി ഘടകം അധ്യക്ഷനായി നരേഷ് ഉത്തമിനെ അഖിലേഷ് നിയമിച്ചത്. തുടര്‍ന്ന് അഖിലേഷ് അനുയായികള്‍ പാര്‍ട്ടി ആസ്ഥാനം കയ്യടക്കുകയും ശിവപാലിന്‍റെ നെയിംബോര്‍ഡ് എടുത്തു മാറ്റുകയും ചെയ്തിരുന്നു.

Comments are closed, but trackbacks and pingbacks are open.