ടോണി മരിച്ചത് ആനയുടെ ചവിട്ടേറ്റല്ല രക്തം വാര്‍ന്ന്; ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു

കൊച്ചി: നായാട്ടുകാരന്‍ ടോണി മരിച്ചത് ആനയുടെ ചവിട്ടേറ്റല്ല രക്തം വാര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ടോണിയുടെ ശരീരത്തില്‍ സാരമായ മറ്റ് മുറിവുകളൊന്നുമില്ല. അതേസമയം, ടോണിയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. നായാട്ടിനിടെ വിശ്രമിക്കുമ്പോള്‍ കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണമാണ് ടോണിയുടെ മരണത്തില്‍ കലാശിച്ചതെന്നായിരുന്നു കരുതിയിരുന്നത്. ആനയെ നേരിടുന്നതിനിടെ സംഘത്തിലുള്ളവര്‍ വെടിവച്ചത് ലക്ഷ്യം തെറ്റി ടോണിയുടെ ദേഹത്ത് കൊണ്ടതാണെന്നും രക്ഷിക്കാനെത്തിയ ബേസിലിനെ ആന എടുത്തെറിഞ്ഞുവെന്നുമായിരുന്നു പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് ഞായപ്പിള്ളി വഴൂതനപ്പിള്ളില്‍ മാത്യൂവിന്‍റെ മകന്‍ ടോണി (25) വനത്തിനുള്ളില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചത്. നായാട്ടുസംഘത്തിലുണ്ടായിരുന്ന വാട്ടപ്പിള്ളി ബേസിലിനെ (34) ഗുരുതരമായ പരുക്കുകയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വടക്കേല്‍ ഷൈറ്റ് ജോസഫ് (25), നാലുസെന്റ് കോളനിയിലെ ചെറുവ അജേഷ് രാജന്‍ (20) എന്നിവര്‍ ഒളിവിലാണ്.

Comments are closed, but trackbacks and pingbacks are open.