ഓംപൂരി സമാന്തരസിനിമയുടെ പ്രതിരൂപം

സൗന്ദര്യ മത്സരം നടത്തുന്ന നടീ നടന്‍മാരില്‍ നിന്ന് വ്യത്യസ്തനായി ശരീര സൗന്ദര്യ മല്ല, അഭിനയ മികവാണ് സിനിമയിലെ സൗന്ദര്യമെന്ന് സ്വന്തം കഴിവിലൂടെ തെളിയിച്ച നടനായിരുന്നു ഓംപൂരി. സമാന്തര സിനിമകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരനായിരുന്നു അദ്ദേഹം.

സിനിമയില്‍ മാത്രം ചുരുങ്ങി നില്‍ക്കാതെ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളിലും ഓം പൂരി ഇടപെട്ടിരുന്നു. ഇന്ത്യോ-ക്യൂബന്‍ ഐക്യദാര്‍ഡ്യ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സഹകരിച്ചിരുന്നു. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നക്‌സലൈറ്റ് പ്രവര്‍ത്തകരെ വേട്ടയാടികൊണ്ടിരുന്നപ്പോള്‍, അതിനെതിരെ ശക്തമായി ഓംപൂരി പ്രതികരിച്ചിട്ടുണ്ട്. നക്‌സലൈറ്റുകള്‍ തീവ്രാദികളല്ലാ, സാമൂഹ്യ പ്രശ്‌നങ്ങളുയര്‍ത്തുന്നവരാണെന്ന് പറയാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. പലഘട്ടങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.

മലയാള നടന്മാരില്‍ ഓംപൂരിയോട് ചേര്‍ത്തുവെക്കാന്‍ സത്യനും, തിലകനും മാത്രമേയുണ്ടായിരുന്നുള്ളൂ. നടീനന്മാര്‍ നിര്‍മ്മാതാവില്‍ നിന്ന് കണക്കുപറഞ്ഞ് പണം വാങ്ങുമ്പോള്‍ പണം തികയാതെ ബുദ്ധിമുട്ടുന്ന നിര്‍മ്മാതാവിനെ ഓംപൂരി പണം കൊടുത്ത് സഹായിക്കുമായിരുന്നു. ഈ ഗുണം മലയാള സിനിമയില്‍ പ്രേം നസീറിനു മാത്രമേയുണ്ടായിരുന്നുള്ളൂ.

കുടുംബം പുലര്‍ത്താന്‍ ചെറുതിലേ കൂലിവേലയ്ക്കിറങ്ങിയ ഓംപൂരി നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. പരുക്കന്‍ കഥാപാത്രങ്ങളെ തന്മയത്തോടെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം തന്‍റെതായ മികവ് പ്രകടിപ്പിച്ചിരുന്നു.

ഹിന്ദി സിനിമയില്‍ മാത്രമല്ല പാകിസ്ഥാനി സിനിമകളിലും ഓംപൂരി അഭിനയിച്ചിട്ടുണ്ട്. പുരാവൃത്തം, ആടുപുലിയാട്ടം, കുലം എന്നീ മലയാള സിനിമകളിലും അദ്ദേഹം തന്‍റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള നടനായിരുന്നു. ആരോഹണ്‍, അര്‍ത്ഥസത്യ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം 1983-ല്‍ ഓംപൂരിയെ തേടിയെത്തി. ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന സിനിമയിലെ ഉജ്ജ്വലമായ അഭിനയത്തിന് ബാഫ്റ്റ പുരസ്‌കാരം ലഭിച്ചു. ഭാരത് സര്‍ക്കാര്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

അതുല്യനായ ഒരു കലാകാരനെയാണ് ഓംപൂരിയുടെ അകാലനിര്യാണത്തിത്തോടെ ഇന്ത്യന്‍ ചലചിത്ര മേഖലയ്ക്ക് നഷ്ടമായിരിക്കുന്നത്.

കിളിമാനൂര്‍ നടരാജന്‍
എഡിറ്റര്‍

Comments are closed, but trackbacks and pingbacks are open.