കുരുമുളക് നടന്‍ പറ്റിയത് ഫെബ്രുവരി മാർച്ച് മാസങ്ങള്‍

അത്യാവശ്യം മഴ ലഭിക്കുന്നതും കുറച്ച് തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ കുരുമുളക് നന്നായി വളരും. തണ്ടുകൾ മുറിച്ചുനട്ടാണ് കുരുമുളകിന്‍റെ തൈകൾ ഉണ്ടാക്കുന്നത്. പ്രധാനമായും നടുന്നത് ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ്. കുരുമുളക് വള്ളിയുടെ ചുവട്ടിൽ നിന്നും വശങ്ങളിലേക്ക് വളർന്നുപോകുന്ന തണ്ടുകളാണ് നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെയുള്ള തണ്ടുകൾ മുറിച്ച് കീഴ്ഭാഗവും മേൽഭാഗവും മുറിച്ചുനീക്കുന്നു. അതിനുശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീൻ കവറുകളിൽ ഒരു മുട്ട് മണ്ണിനടിയിൽ നിൽക്കത്തക്കവിധം നടുന്നു. ഇങ്ങനെ നടുന്ന വള്ളികൾക്ക് തണൽ അത്യാവശ്യമാണ്. കൂടാതെ നല്ലതുപോലെ നനയും ആവശ്യമാണ്. ഈ കമ്പുകൾ വേരുപിടിച്ച് കഴിഞ്ഞാൽ കാലവർഷം തുടങ്ങുമ്പോൾ മാറ്റി നടാവുന്നതാണ്.

തെങ്ങ്,കമുക്, മാവ് തുടങ്ങിയ വൃക്ഷങ്ങളിൽ പടർത്തി വിടുന്നതാണ് നല്ലത്. താങ്ങു മരത്തിൽ നിന്നും 30 സെന്റീ മീറ്റർ അകലത്തിലാണ് തൈകൾ നടുന്നത്. വള്ളികൾ വളരുന്നതിനനുസരിച്ച് തണ്ടുകൾ മരത്തിനോട് ചേർത്ത് കെട്ടിവയ്ക്കണം. അത് കുരുമുളക് വള്ളിയുടെ മുട്ടുകൾ താങ്ങ് വൃക്ഷത്തിൽ പടർന്ന് കയറാൻ സഹായിക്കും. ഈ മുട്ടുകളിൽ നിന്നും പുതിയ കിളിർപ്പുകൾ ഉണ്ടായിട്ടാണ് ചെടി വളരുന്നത്. തൈകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നത് അഴുകി ജൈവവളമാകാനും ഈർപ്പം നിലനിർത്തുന്നതിനും മണ്ണിനുമുകളിലൂടെ പടർന്നുപോകുന്ന വേരുകൾ പൊട്ടാതിരിക്കുന്നതിനും സഹായിക്കും. വളപ്രയോഗത്തിലൂടെ കൂടുതൽ വിളവ് ലഭിക്കും. താങ്ങുമരങ്ങളുടെ ഉയരം ആറുമീറ്ററിൽ കവിയാത്ത വിധം ആണ്ടിലൊരിക്കൽ കമ്പു കോതുകയും തണൽ ഒഴിവാക്കുകയും വേണം.നല്ലതുപോലെ പരിചരണം ലഭിക്കുന്നവയാണെങ്കിൽ നട്ട് മൂന്നാം വർഷം മുതൽ വിളവ് ലഭിക്കും. ശരാശരി 25 വർഷം വരെ നല്ലരീതിയിൽ വിളവ് നൽകും. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സാധാരണ വിളവെടുപ്പ് കാലം.

Comments are closed, but trackbacks and pingbacks are open.