ജയരാജനെതിരെ ബന്ധു നിയമന കേസില്‍ തുടരന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: മുന്‍ മന്ത്രി ഇ പി ജയരാജനെതിരെ ബന്ധു നിയമന കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ അനുമതി. തുടരന്വേഷണം പൂര്‍ത്തിയായ ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.  പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്‍റെ എംഡിയായി ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്ബ്യാരെ നിയമിച്ച ഫയലില്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജനും സെക്രട്ടറിയായ പോള്‍ ആന്റണിയും ഒപ്പിട്ടിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. മതിയായ യോഗ്യതയില്ലാത്ത സുധീറിനെ എം ഡി സ്ഥാനത്ത് നിയമിച്ചതാണ് ഇ പി ജയരാജനെതിരെയുള്ള കുറ്റം. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് അന്വേഷണ സംഘം സമര്‍പ്പിച്ച എഫ് ഐ ആര്‍ ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ നടപടി.ജയരാജനു പുറമെ പി കെ ശ്രീമതി എം പിയുടെ മകന്‍ സുധീര്‍ നമ്ബ്യാര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ബന്ധുനിയമന കേസുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം ആവശ്യമാണെന്നും തെളിവുകളായി കൂടുതല്‍ ഫയലുകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ് പി കെ ജയകുമാര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

Comments are closed, but trackbacks and pingbacks are open.