ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് ഇന്ത്യയിലെ അടുത്ത അമേരിക്കന്‍ സ്ഥാനപതിയായി ചുമതലയേൽക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് ഇന്ത്യയിലെ അടുത്ത അമേരിക്കന്‍ സ്ഥാനപതിയായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. നിലവിലെ സ്ഥാനപതിയായ റിച്ചാര്‍ഡ് വെര്‍മ ഈ മാസം 20 ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ ആദ്യ അമേരിക്കന്‍ അ‌മ്പാസിഡറായിരുന്നു റിച്ചാര്‍ഡ് വെര്‍മ. ഒബാമയുടെ വിശ്വസ്തനായ റിച്ചാര്‍ഡ് വെര്‍മ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതോടെയാണ് ചുമതല ഒഴിയുന്നത്. ട്വിറ്ററില്‍ അദ്ദേഹം തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം പങ്കുവെച്ചത്‌. ഇന്ത്യയുമായി ഏറെ ബന്ധം പുലര്‍ത്തുന്ന ആഷ്‌ലി ടെല്ലിസ് മുംബൈയിലാണ് ജനിച്ചത്. ഇന്തോ-അമേരിക്ക ആണവ കരാറിന് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് 55കാരനായ ടെല്ലിസ്. കാര്‍നെജി എന്‍ഡോവ്മെന്റ് ഫോർ ഇന്റര്‍നാഷണല്‍ എന്ന സമാധാന സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നിലവില്‍ ഇദ്ദേഹം. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സീനിയര്‍ അഡൈ്വസര്‍, യുഎസ്‌ സുരക്ഷാ കൗണ്‍സിലില്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, സ്ട്രാറ്റജിക് പ്ലാനിംഗ് സീനിയര്‍ ഡയറക്ടര്‍ എന്നീ പദവികളിലും ടെല്ലിസ് മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments are closed, but trackbacks and pingbacks are open.