77-ാമത്‌ ഇന്റര്‍ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്ന് കോയമ്പത്തൂര്‍ തുടക്കം

കോയമ്പത്തൂര്‍: 77-ാമത്‌ ഇന്റര്‍ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്നു കോയമ്പത്തൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടക്കമാകും.15 വരെ നീണ്ടു നില്‍ക്കുന്ന മീറ്റില്‍ കേരളത്തിന്‍റെ പ്രതീക്ഷകളായി ഇരുന്നൂറോളം താരങ്ങളാണ്‌ അണിനിരക്കുന്നത്‌. രാജ്യത്തെ 170 സര്‍വകലാശാലകളില്‍ നിന്നായി 2500 അത്‌ലറ്റുകള്‍ മാറ്റുരയ്‌ക്കുന്നത്. നിലവിലെ വനിതാ വിഭാഗം ചാമ്പ്യന്മാരായ എം.ജി. യൂണിവേഴ്‌സിറ്റി ടീമിലാണ്‌ പ്രതീക്ഷയേറെ.77 വര്‍ഷത്തെ ചരിത്രത്തിനിടെ ഇത്‌ ഒമ്പതാം തവണയാണ്‌ അഖിലേന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി മീറ്റ്‌ തമിഴ്‌നാട്ടിലെത്തുന്നത്‌. തുടര്‍ച്ചയായി മൂന്നു തവണ കിരീടമുയര്‍ത്തിയ ആത്മവിശ്വാസത്തിലാണ്‌ എം.ജി. വനിതകള്‍ കോയമ്പത്തൂരില്‍ എത്തിയിരിക്കുന്നത്‌. ഇവര്‍ക്കൊപ്പം പുരുഷന്മാരും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ഓവറോളിലേക്ക്‌ ഒരു കണ്ണു വയ്‌ക്കാമെന്നും എം.ജി. കരുതുന്നു. മീറ്റിന്‍റെ ആദ്യദിനമായ ഇന്നു ഫൈനലുകള്‍ ഇല്ല. 800 മീറ്റര്‍ സെമി പോരാട്ടങ്ങളാണ്‌ ശ്രദ്ധേയ ഇനം. രാവിലെ ആറു മണിക്ക്‌ പുരുഷന്മാരുടെ 5000 മീറ്റര്‍ ഹീറ്റ്‌സോടെയാണ്‌ ട്രാക്കുണരുന്നത്‌. പിന്നാലെ വനിതകളുടെ 5000 മീറ്ററും അരങ്ങേറും. ശേഷം ഹൈജമ്പ്‌, ഷോട്ട്‌പുട്ട്‌, ഡിസ്‌കസ്‌ ത്രോ, പോള്‍വോള്‍ട്ട്‌, 100 മീറ്റര്‍, ട്രിപ്പിള്‍ ജമ്പ്‌ എന്നിവയുടെ യോഗ്യതാ മത്സരങ്ങളാണ്‌ രാവിലെ. ഉച്ചയ്‌ക്ക് 2:30 മുതലാണ്‌ ഉദ്‌ഘാടനച്ചടങ്ങുകള്‍. മൂന്നുമണിയോടെ താരങ്ങളുടെ മാര്‍ച്ച്‌പാസ്‌റ്റ് നടക്കും. അഞ്ചുമണിവരെ വിവിധ കലാപരിപാടികളും അരങ്ങേറും. അഞ്ചിനു നടക്കുന്ന പുരുഷ-വനിതാ വിഭാഗം 800 മീറ്റര്‍ മത്സരമാകും ആദ്യദിനത്തെ ആവേശകരമാക്കുക. തുടര്‍ന്ന്‌ പുരുഷ-വനിതാ 4-100 മീറ്റര്‍ റിലേ യോഗ്യതാ പോരാട്ടത്തോടെ ഒന്നാം ദിനം അവസാനിക്കും.

Comments are closed, but trackbacks and pingbacks are open.