പനിനീർ തോട്ടം തയ്യാറാക്കാം

എങ്ങനെ ഒരു പനിനീർ തോട്ടം തയ്യാറാക്കാം

റോസിന്‍റെ കമ്പുകളാണ് നടാൻ ഉപയോഗിക്കുക. ബഡ്ഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും തൈകൾ ഉണ്ടാക്കാം. പല നിറങ്ങളും മറ്റ് പ്രത്യേകതകളുമുള്ള റോസാച്ചെടികളുണ്ട്. നല്ല നീർവാഴ്ചയുള്ളതും ജൈവാംശം ഉള്ളതുമായ മണ്ണുവേണം. ധാരാളം സൂര്യപ്രകാശം ചെടിയിൽ നേരിട്ടു പതിക്കണം. കഠിനമായ വേനലിലും മഴയിലും ഒഴിച്ച് എപ്പോൾ വേണമെങ്കിലും റോസ് നടാം. മണ്ണ് നല്ലവണ്ണം കിളച്ച് കല്ലും കളകളും നീക്കം ചെയ്ത് നിരപ്പാക്കിയിടണം. നടുന്നതിനു മുമ്പ് വെയിൽ കൊള്ളിക്കുന്നതു നല്ലതാണ്. ഒരടി നീളം, വീതി, താഴ്ച എന്ന ക്രമത്തിലുള്ള കുഴികൾ എടുത്ത് അതിൽ നടുമ്പോൾ 5 കിലോഗ്രാം ഉണക്ക ചാണകം പൊടിച്ചിടേണ്ടതാണ്.

ചെടികൾ നടുമ്പോൾ തമ്മിൽ അകലം ഉണ്ടായിരിക്കണം. തൈ നടുമ്പോൾ ബഡ് ചെയ്ത ഭാഗം മണ്ണിനു മുകളിലായിരിക്കാൻ ശ്രദ്ധിക്കണം. ചട്ടിയിൽ തൈ നടുമ്പോൾ 30 സെന്റീമീറ്റർ വലിപ്പമുള്ള ചട്ടികൾ ഉപയോഗിക്കണം. അധികം പടർന്നു വളരാത്ത ഇനങ്ങൾക്ക് അൽപം വലിപ്പം കുറഞ്ഞ ചട്ടികളായാലും മതി. ചട്ടിയുടെ അടിയിലുള്ള ദ്വാരങ്ങൾ ഓടിൻ കഷണമുപയോഗിച്ച് മൂടണം. ചട്ടി നിറയ്ക്കാൻ ഉണങ്ങി പൊടിഞ്ഞ കരിയിലയോ ചാണകപൊടിയോ കമ്പോസ്റ്റോ ആറ്റുമണ്ണും ചെമ്മണ്ണുമായി കലർത്തി ഉപയോഗിക്കാം. പച്ചിലയോ ചാണകമോ കോഴിവളമോ പിണ്ണാക്കുകളോ ഇടാം. ചട്ടിയിൽ വളർത്തുന്ന ചെടികളുടെ ചുവട്ടിലെ മണ്ണിൽ ജൈവാംശം പൂർണ്ണമായി നഷ്ടമാകുമ്പോഴോ വേരു വളർന്നു ചട്ടിയിൽ നിറയുമ്പോഴോ മണ്ണു മാറ്റണം. വേരുകൾ കോതുകയും വേണം. വർഷത്തിലൊരിക്കൽ കൊമ്പു കോതണം. ഇതു ചെടികൾ നന്നായി പുഷ്പിക്കാൻ സഹായിക്കുന്നു. ഉണങ്ങിയ കമ്പുകളും അതോടൊപ്പം നീക്കം ചെയ്യണം. വേനൽക്കാലത്തു ചെടികൾ ദിവസവും നനയ്ക്കണം.

Comments are closed, but trackbacks and pingbacks are open.