ഒബാമയുടെ സ്വപ്നപദ്ധതിയായിരുന്നു ഒബാമ കെയര്‍ നിര്‍ത്തലാക്കാന്‍ അംഗീകാരം

വാഷിംഗ്ടണ്‍: ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള പ്രമേയത്തിന് യുഎസ് പ്രതിനിധി സഭയുടേയും അംഗീകാരം. ബരാക് ഒബാമയുടെ സ്വപ്നപദ്ധതിയായിരുന്നു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍. പദ്ധതി നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ദിവസം സെനറ്റും അംഗീകാരം നല്‍കിയിരുന്നു. സെനറ്റ് പാസാക്കിയ പ്രമേയം 198 നെതിരെ 227 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്. ആരോഗ്യമേഖലയിലെ സ്വപ്നപദ്ധതിയായി അവതരിപ്പിക്കപ്പെട്ട ഒബാമ കെയര്‍ വന്‍സാമ്പത്തിക ബാധ്യതയാണ് രാജ്യത്തിന് വരുത്തിവെക്കുന്നതെന്നായിരുന്നു റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പ്രധാന ആരോപണം.

ഒബാമയുടെ സ്വപ്നപദ്ധതിയായ ഒബാമ കെയര്‍ 2010 ലാണ് നിലവില്‍ വന്നത്. താങ്ങാന്‍ കഴിയാത്ത നിരക്കാണ് പദ്ധതിയുടേതെന്ന് അന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുതിയ പദ്ധതി സംബന്ധിച്ച് കൃത്യമായ രൂപരേഖയില്ലാതെ നിലവിലെ പദ്ധതി നിര്‍ത്തലാക്കുന്നത് ശരിയല്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സഭയില്‍ അറിയിച്ചു. അമേരിക്കയുടെ ആരോഗ്യമേഖലയെ അട്ടിമറിക്കാനാണ് റിപ്പബ്‌ളിക്കന്‍ ശ്രമമെന്നും ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ ഒബാമ കെയര്‍ നിര്‍ത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ കാലികമായ പരിഷ്‌കാരത്തോടെ പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചെങ്കിലും പദ്ധതി ഏത് രീതിയിലായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

Comments are closed, but trackbacks and pingbacks are open.