അയോധ്യ പ്രശ്നം : മധ്യസ്ഥശ്രമവുമായി രവിശങ്കര്‍ ഇന്ന് അയോധ്യയില്‍
ന്യൂഡല്‍ഹി: അയോധ്യ പ്രശ്നപരിഹാരത്തിന് മധ്യസ്ഥനായി സ്വയം രംഗത്തിറങ്ങിയ ജീവനകല ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ച രവിശങ്കര്‍ അയോധ്യ സന്ദര്‍ശിക്കുന്നുണ്ട്. 20 മിനിറ്റ് നീണ്ട ചര്‍ച്ചയാണ് നടന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇൗ വിഷയത്തില്‍ കക്ഷിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് അധികൃതര്‍ വിശദീകരിച്ചു. ഒത്തുതീര്‍പ്പിനെ സ്വാഗതം ചെയ്യും; കോടതിവിധി മാനിക്കും.
അതേസമയം, രവിശങ്കറുടെ ഉദ്യമത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. മുസ്ലിം വ്യക്തിനിയമ ബോര്‍ഡുമായി അദ്ദേഹം ബന്ധപ്പെട്ടിേട്ടയില്ലെന്ന് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി പറഞ്ഞു. 12 വര്‍ഷം മുമ്ബും രവിശങ്കര്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. അതിനൊടുവില്‍ അദ്ദേഹം പറഞ്ഞത് ഹിന്ദുക്കള്‍ക്ക് തര്‍ക്കഭൂമി കൈമാറാനാണ്. ഇപ്പോള്‍ എന്തു പുതിയ ഒത്തുതീര്‍പ്പാണ് മുന്നോട്ടുവെക്കാനുള്ളതെന്ന് വലി റഹ്മാനി ചോദിച്ചു.
മുസ്ലിംകളുടെ അവകാശവാദം തള്ളിക്കളയാനല്ലാതെ മറ്റെന്തെങ്കിലും നിര്‍ദേശം രവിശങ്കറിനുണ്ടോ എന്നു കണ്ടിട്ടാകാം അടുത്ത നടപടിയെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്യാബ് ജീലാനി പറഞ്ഞു. രവിശങ്കറെ വി.എച്ച്.പി പോലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. കോടതി തെളിവുകള്‍ പരിേശാധിച്ചു തീര്പ്പാക്കാനിരിക്കേ, മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അര്‍ഥമില്ലെന്ന് വി.എച്ച്്.പി മാധ്യമ വിഭാഗം നേതാവ് ശരത് ശര്‍മ പറഞ്ഞു. പുരാവസ്തു തെളിവുകള്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളി-അമ്ബല തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുമെന്ന് യു.പി ഗവര്‍ണര്‍ രാംനായിക് പ്രത്യാശിച്ചു. വിഷയം വേഗത്തില്‍ പരിഹരിക്കാന്‍ ഇത്തരം കൂടിയാലോചനകള്‍ സഹായിക്കും. എന്നാല്‍, സുപ്രീംകോടതി വിധിയാണ് എല്ലാറ്റിനും ഉപരിയായി നില്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ജീവനകലയുടെ ആചാര്യന് രവിശങ്കര്‍ ചര്‍ച്ച നടത്തിയ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം..