യുഎസ് ഉപരോധം: ഭൂകമ്പ ബാധിതര്‍ക്കുള്ള സഹായം സ്വീകരിക്കാനാവാതെ ഇറാന് വലയുന്നു
തെഹ്റാന്: അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം നൂറുകണക്കിനാളുകള്‍ മരിക്കാനിടയായ ഭൂകമ്പത്തിനിരയായവര്‍ക്കുള്ള ഓണ്‍ലൈന്‍ സഹായം സ്വീകരിക്കാനാവാതെ ഇറാന്. വിദേശരാജ്യങ്ങളിലുള്ള ഇറാനികള്‍ ഓണ്‍ലൈന്‍ വഴി തങ്ങളുടെ നാട്ടുകാര്‍ക്കായി സ്വരൂപിച്ച സംഭാവനയാണ് യുഎസ് അധികൃതര്‍ വിലക്കിയത്. പടിഞ്ഞാറന്‍ ഇറാനിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ എല്ലാം നഷ്ടമായവര്‍ക്കായി സംഭാവന സ്വീകരിക്കാനുള്ള ശ്രമങ്ങളും അമേരിക്ക തകര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പണം സ്വരൂപിക്കാനായി താന്‍ നിര്‍മിച്ച ഫേസ്ബുക്ക് പേജ് അമേരിക്ക ബ്ലോക്ക് ചെയ്തതായി അമേരിക്കയിലെ ഡെട്രോയിറ്റില്‍ താമസിക്കുന്ന ഡോക്ടര്‍ തൗഹീദ് നജഫി അല്‍ജസീറയോട് പറഞ്ഞു. കഴിഞ്ഞ ദിവസം റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ചുരുങ്ങിയത് 432 പേര് കൊല്ലപ്പെടുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 12000 വീടുകള്‍ തകരുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകള്‍. അടുത്തമാസമാവുമ്ബോഴേക്ക് 1.1 ലക്ഷം ഡോളര്‍ സ്വരൂപിക്കാനായിരുന്നു തന്റെ ലക്ഷ്യമെന്നും നജഫി പറഞ്ഞു. നല്ല പ്രതികരണമായിരുന്നു ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ചത്. ആദ്യദിനം 15,000 ഡോളറായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും 80,000 ഡോളറാണ് ലഭിച്ചത്. മൂന്നു ദിവസത്തിനകം അത് രണ്ട് ലക്ഷം ഡോളറായി ഉയര്‍ന്നു. എന്നാല്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അനുമതിയില്ലാതെ പണം അയക്കാനാവില്ലെന്ന് ഫെയ്സ്ബുക്ക് തന്നെ അറിയിക്കുകയായിരുന്നുവെന്ന് നജഫി പറഞ്ഞു.
ഫണ്ട് സ്വരൂപിക്കാനുപയോഗിക്കുന്ന യുകെയര്‍ വെബ്സൈറ്റ് വഴി അമേരിക്കയിലെ ഇറാന് മാധ്യമപ്രവര്‍ത്തക താര കംഗാര്‍ലു സ്വരൂപിച്ച ഫണ്ടും ഉപരോധം കാരണം തടയപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധ രാജ്യത്തിലേക്ക് സഹായനിധി അയക്കുന്നതിന് തങ്ങള്‍ക്ക് വിലക്കുണ്ടെന്നായിരുന്നു വെബ്സൈറ്റിന്റെ അറിയിപ്പ്. ദുരന്തസഹായവുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്ക് ഉപരോധം ബാധകമല്ലെന്നാണ് അമേരിക്കന്‍ നയമെങ്കിലും ഇറാന്റെ കാര്യത്തില്‍ ഇതും അനുവദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്ബവുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ അനുശോചനം ആത്മാര്‍ഥമാണെങ്കില്‍ അവര്‍ക്ക് ലഭിക്കേണ്ട സഹായം തടയുന്നത് എന്തിനാണെന്നാണ് ഇവരുടെ ചോദ്യം.